18 മാസം തുടർച്ചയായി കഠിന പരിശീലനം; ധ്രുവ് ജുറേലിന്റെ പ്രകടനത്തിനു പിന്നിലെ രഹസ്യം
Mail This Article
ന്യൂഡൽഹി ∙ നെറ്റ്സിൽ 4 മണിക്കൂർ നീണ്ട പരിശീലനം, ബോളർമാരും ത്രോഡൗൺ സ്പെഷലിസ്റ്റുകളുമായി 14 പേർ, അവരുടെ നൂറുകണക്കിനു വ്യത്യസ്തമായ ഡെലിവറികൾ...കഴിഞ്ഞ ഒന്നരവർഷക്കാലം ഇത്രയേറെ കഠിനമായ പരിശീലനം നടത്തിയതിനു ശേഷമായിരുന്നു ധ്രുവ് ജുറേൽ എന്ന വിക്കറ്റ് കീപ്പർ ബാറ്റർ കഴിഞ്ഞ ആഴ്ച രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ചത്.
വിക്കറ്റ് കീപ്പിങ്ങിൽ എം.എസ്.ധോണിക്കു സമാനമായ ‘ഇടപെടലുകൾ’ക്കു കഴിവുള്ള താരമെന്നാണ് ഇരുപത്തിമൂന്നുകാരൻ ജുറേലിനെ സുനിൽ ഗാവസ്കർ വിശേഷിപ്പിച്ചത്. സെഞ്ചറിക്കു 10 റൺസ് അകലെ പുറത്തായെങ്കിലും ഇന്ത്യൻ ഇന്നിങ്സിലെ ടോപ്സ്കോററായതിലൂടെ ടീമിൽ കാലുറപ്പിക്കാനും ജുറേലിനു സാധിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പർ ദാരിദ്രം ജുറേലിലൂടെ മറികടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.
മുൻ മുംബൈ ബാറ്ററും ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ഹൈപെർഫോമൻസ് ഡയറക്ടറുമായ സുബിൻ ബറൂച്ചയുടെ നേതൃത്വത്തിലായിരുന്നു ജുറേലിന്റെ തയാറെടുപ്പ്. മഹാരാഷ്ട്രയിലെ തലേഗാവിലുള്ള ആർആർ അക്കാദമിയിൽ 18 മാസം മുൻപ് ജുറേൽ പരിശീലനം തുടങ്ങി. ഒരുദിവസം 140 ഓവറായിരുന്നു നെറ്റ്സ് പ്രാക്ടീസ്. 840 പന്തുകൾ നേരിടണം.
എല്ലാ ബോളർമാരും ത്രോഡൗൺ സ്പെഷലിസ്റ്റുകളും ഒന്നിനു പിന്നാലെ ഒന്നായി ജുറേലിനു പന്തെറിഞ്ഞു നൽകും. ഫ്ലിക്ക്, പുൾ, ഡ്രൈവ്, കട്ട് എന്നീ വിവിധതരം ഷോട്ടുകൾക്കു പറ്റിയ രീതിയിൽ തുടർച്ചയായി പന്തെറിയുകയാണ് ചെയ്യുക. പന്തു സ്പിൻ ചെയ്യുന്ന പിച്ച് മുതൽ പേസ് – ബൗൺസ് വിക്കറ്റ്, പുല്ല്– സിമന്റ് പിച്ച് എന്നിങ്ങനെ എല്ലാത്തരം പ്രതലങ്ങളും ഉപയോഗിച്ചു. റബർ, ടെന്നിസ്, തുകൽ പന്തുകൾ ഉപയോഗിച്ച് മാറിമാറിയായിരുന്നു പരിശീലനം. കട്ടി കൂടിയതുമുതൽ തീർത്തും കനംകുറഞ്ഞവ വരെയുള്ള ബാറ്റുകൾ ഉപയോഗിച്ചു.
മുൻപൊരിക്കൽ എക്സ്ട്രാ കവറിനു മുകളിലൂടെ സിക്സർ പറത്തുന്ന ഒരു യുവതാരത്തിന്റെ വിഡിയോ കണ്ട് അത് ആരാണെന്ന അന്വേഷണമാണ് ധ്രുവ് ജുറേലിൽ എത്തിയതെന്ന് സുബിൻ ബറൂച്ച പറയുന്നു. രാജസ്ഥാൻ ടീം 2022ലെ ഐപിഎൽ ലേലത്തിൽ താരത്തെ ടീമിലെത്തിച്ചു. ഒന്നര വർഷത്തോളം മുടക്കമില്ലാതെ എല്ലാ ദിവസവും നാലുമണിക്കൂർ നെറ്റ്സിൽ ബാറ്റു ചെയ്യാൻ ഒരാൾക്ക് സാധിക്കുമോ? പട്ടാളച്ചിട്ടയിലുള്ള ആ പരിശീലനത്തിന് ഉത്തർപ്രദേശിലെ ആഗ്രയിൽനിന്നുള്ള ജുറേലിന് എങ്ങനെ സാധിച്ചു?
ഉത്തരം പറയുന്നതു ജുറേൽ തന്നെയാണ്. ‘‘എന്റെ പിതാവ് ഒരു സൈനികനായിരുന്നു. ഹവിൽദാർ നേം ചന്ദ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം പകർന്നു തന്ന ആത്മവീര്യമാണ് എന്റെ കരുത്ത്. അർധ സെഞ്ചറി നേടിക്കഴിഞ്ഞു ഞാൻ നൽകിയ സല്യൂട്ട് അദ്ദേഹത്തിനുള്ള ആദരമാണ്’’