ADVERTISEMENT

പാടത്തും പറമ്പിലും ടെന്നിസ്‍ ബോൾ ക്രിക്കറ്റ് കളിച്ചു നടക്കുന്നവർക്കൊരു സന്തോഷവാർത്ത! നിങ്ങൾക്കായി ഇതാ ഒരു ‘ഐപിഎൽ’ വരുന്നു. പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗ് (ഐഎസ്പിഎൽ) ക്രിക്കറ്റിന് മാർച്ച് 6ന് മുംബൈയിൽ തുടക്കമാകും. യഥാർഥ ഐപിഎലിന്റെ മാതൃകയിൽ ആഘോഷമായാണ് ഐഎസ്പിഎലും വരുന്നത്. ലീഗിന്റെ താരലേലം ഞായറാഴ്ച പൂർത്തിയായപ്പോൾ 6 ടീമുകൾ ചേർന്നു ചെലവഴിച്ചത് 4.91 കോടി രൂപ. അമിതാഭ് ബച്ചൻ മുതൽ സൂര്യ വരെയുള്ള സിനിമാ സൂപ്പർ താരങ്ങളാണ് ടീമുകളുടെ ഉടമകൾ. 

മത്സരം 10 ഓവർ 

ട്വന്റി20 അല്ല; നാട്ടിൻപുറങ്ങളിലെ മത്സരം പോലെ 10 ഓവറായാണ് ലീഗിലെ മത്സരങ്ങൾ. ആദ്യ പന്തു മുതൽ ‘പന്തിനെ കണ്ടം കടത്തുക’ എന്നതു തന്നെ പരമലക്ഷ്യം. മത്സരം സ്റ്റേഡിയത്തിലായിരിക്കും എന്നു മാത്രം. മ്യൂസിക് ഷോ, ഡിജെ നൈറ്റ് എന്നിവയെല്ലാം മത്സരങ്ങളുടെ ഭാഗമായുണ്ടാകും. ലീഗിന്റെ സംപ്രേഷണാവകാശം സോണി സ്വന്തമാക്കിയിട്ടുണ്ട്. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം കാണാം. 

ടീമുകളും ഉടമകളും: 

മാജി മുംബൈ– അമിതാഭ് ബച്ചൻ 

ബാംഗ്ലൂർ സ്ട്രൈക്കേഴ്സ്– ഹൃതിക് റോഷൻ 

ടൈഗേർസ് ഓഫ് കൊൽക്കത്ത– 

കരീന കപൂർ, സെയ്ഫ് അലി ഖാൻ 

ചെന്നൈ സിങ്കംസ്– സൂര്യ 

ഫാൽക്കൺ റൈസേഴ്സ് ഹൈദരാബാദ്– രാം ചരൺ 

ശ്രീനഗർ കെ വീർ– അക്ഷയ് കുമാർ 

ലേലത്തിൽ താരമായി അഭിഷേക് 

27 ലക്ഷം രൂപയ്ക്ക് മാജി മുംബൈ സ്വന്തമാക്കിയ അഭിഷേക് കുമാർ ദൽഹോർ ആണ് ലേലത്തിൽ ഏറ്റവും വിലയേറിയ താരമായത്. കശ്മീരിൽ നിന്നുള്ള പതിനാലുകാരൻ ഷാരിക് യാസിറാണ് ലീഗിലെ പ്രായം കുറഞ്ഞ താരം. ഷാരിക്കിനെ ബാംഗ്ലൂർ ടീമിലെടുത്തത് 3.2 ലക്ഷം രൂപയ്ക്കാണ്. ഓരോ ടീമിനും ഒരു കോടി രൂപയാണ് പരമാവധി ചെലവഴിക്കാൻ അനുവദിച്ചിരുന്നത്. 96.4 ലക്ഷം രൂപ മുടക്കിയ ചെന്നൈ സിങ്കംസ് ആണ് ഏറ്റവും കൂടുതൽ തുക ചെലവാക്കിയത്.  

English Summary:

First Indian Street Premier League cricket starts on March 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com