തിരിച്ചുവരവിൽ തിളങ്ങാനാകാതെ ഇഷാൻ കിഷൻ, 19 റൺസിന് പുറത്ത്; ടീമിന് വൻ തോൽവി
Mail This Article
മുംബൈ∙ മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇഷാൻ കിഷന് നിരാശ. കോർപറേറ്റ് ടൂര്‍ണമെന്റായ ഡി.വൈ. പാട്ടീൽ ട്വന്റി20 ടൂർണമെന്റിലാണ് ഇഷാൻ കിഷൻ കളിക്കാനിറങ്ങിയത്. റിസർവ് ബാങ്ക് ടീമിന്റെ ഓപ്പണിങ് ബാറ്ററായി കളിക്കാനിറങ്ങിയ ഇഷാൻ 12 പന്തിൽ 19 റൺസെടുത്തു പുറത്തായി. റൂട്ട് മൊബൈൽ ലിമിറ്റഡിനെതിരായ പോരാട്ടത്തിൽ ഇഷാന്റെ ടീം 89 റൺസിന്റെ തോൽവിയും വഴങ്ങി.
മാക്സ്‌വെൽ സ്വാമിനാഥന്റെ പന്തില്‍ സച്ചിൻ ബോസ്‍ലെ ക്യാച്ചെടുത്താണ് ഇഷാൻ കിഷനെ പുറത്താക്കിയത്. ആദ്യം ബാറ്റു ചെയ്ത റൂട്ട് മൊബൈൽസ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ റിസര്‍വ് ബാങ്ക് 16.3 ഓവറിൽ 103 റൺസെടുത്തു പുറത്തായി. രണ്ടു ഫോറും ഒരു സിക്സും മാത്രമാണ് മത്സരത്തിൽ ഇഷാന് നേടാൻ സാധിച്ചത്.
മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇഷാൻ കിഷൻ ഒരു ക്രിക്കറ്റ് മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ താരം അവധിയെടുക്കുകയായിരുന്നു. കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇഷാൻ കിഷൻ ഇന്ത്യൻ ടീം ക്യാംപ് വിട്ടത്. ബിസിസിഐ നിർബന്ധിച്ചെങ്കിലും രഞ്ജി ട്രോഫിയിൽ കളിക്കാൻ താരം തയാറായില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനായി ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം പരിശീലനത്തിലായിരുന്നു താരം.
ഐപിഎല്ലിൽ പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഇഷാൻ കിഷൻ. കരാറിലുള്ള താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിർദേശം നൽകിയിരുന്നു. എന്നാൽ രഞ്ജി ട്രോഫി കളിക്കാൻ ഇഷാൻ കൂട്ടാക്കിയില്ല. ബിസിസിഐയുടെ പുതിയ കരാറിൽനിന്ന് ഇഷാൻ കിഷനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഡി.വൈ. പാട്ടീൽ ടൂർണമെന്റ് കളിക്കാൻ താരം ഇറങ്ങിയത്.