ADVERTISEMENT

മുംബൈ∙ ബിസിസിഐയുമായി കരാറുള്ള താരങ്ങളുടെ പുതിയ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ‌, ഇഷാന്‍ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ പുറത്താകലാണ് ആരാധകരെ ഞെട്ടിച്ചത്. താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മുന്നറിയിപ്പുവന്ന് ദിവസങ്ങൾക്കിപ്പുറമാണ് ഇരുവരെയും വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയത്. ചേതേശ്വര്‍ പൂജാര, ഉമേഷ് യാദവ്, ശിഖർ ധവാൻ, യുസ്‍വേന്ദ്ര ചെഹൽ, ദീപക് ഹൂഡ എന്നിവരും പുറത്തുപോയി.

ചെഹലിനെ ബിസിസിഐ ഒഴിവാക്കിയതും ക്രിക്കറ്റ് ലോകത്ത് വൻ ചർച്ചയാണ്. കരാറിൽനിന്ന് ഒഴിവാക്കിയെങ്കിലും ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ഇനിയും ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കും. പ്രകടനവും ഫിറ്റ്നസും നിലനിർത്താൻ സാധിച്ചാൽ ഇരു താരങ്ങൾക്കും ഇനിയും ഇന്ത്യൻ ടീമിൽ അവസരം ലഭിക്കും. അതേസമയം ഗ്രേഡ് പ്രകാരം ലഭിക്കേണ്ട തുക താരങ്ങൾക്കു നഷ്ടമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇഷാൻ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്.

പരമ്പരയ്ക്കിടെ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇഷാൻ കിഷൻ അവധിയെടുക്കുകയായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ഇഷാൻ ആഴ്ചകൾക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനുള്ള പരിശീലനം തുടങ്ങി. ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നതിന്റെ ഭാഗമായി ആദ്യം രഞ്ജി ട്രോഫിയിൽ കളിക്കാൻ ബിസിസിഐ ഇഷാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരം ഇത് അംഗീകരിച്ചില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ശ്രേയസ് അയ്യർ പരുക്കേറ്റു പുറത്താകുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരം ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും രഞ്ജി ട്രോഫിയിൽ കളിക്കാൻ തയാറായില്ല. പുറംവേദനയാണെന്നാണ് അയ്യർ പരാതി പറഞ്ഞത്. എന്നാൽ താരത്തിന് പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടാണ് ദേശീയ ക്രിക്കറ്റ് അക്കാദമി നൽകിയത്.

English Summary:

Ishan Kishan, Shreyas Iyer can play for Indian cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com