ഷെഫാലി വർമയ്ക്കും (50) സ്മൃതി മന്ഥനയ്ക്കും (74) അർധ സെഞ്ചറി; ഡൽഹിക്ക് ജയം
Mail This Article
ബെംഗളൂരു ∙ സ്മൃതി മന്ഥനയുടെ ബാറ്റിങ് വെടിക്കെട്ടിന് (43 പന്തിൽ 74) ബാംഗ്ലൂരിനെ രക്ഷിക്കാനായില്ല. കൂറ്റൻ സ്കോർ പിറന്ന വനിതാ പ്രിമിയർ ലീഗ് മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 25 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ഡൽഹി 194 റൺസെടുത്തപ്പോൾ ബാംഗ്ലൂരിന്റെ മറുപടി 9 വിക്കറ്റ് നഷ്ടത്തിൽ 169 റൺസിൽ അവസാനിച്ചു.
ഓപ്പണർ ഷെഫാലി വർമയുടെയും (31 പന്തിൽ 50) അലീസ് കാപ്സെയുടെയും (33 പന്തിൽ 46) മിന്നൽ ബാറ്റിങ്ങിന്റെ കരുത്തിലാണ് ഡൽഹി കൂറ്റൻ സ്കോറുയർത്തിയത്. മരിസേൻ കാപ്പും (16 പന്തിൽ 32) ജെസ് ജൊനാസനും (16 പന്തിൽ 36) ഡൽഹി മധ്യനിരയിൽ ആഞ്ഞടിച്ചു. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥനയിലൂടെ തിരിച്ചടിച്ച ബാംഗ്ലൂർ 12 ഓവറിൽ 112 റൺസെടുത്തിരുന്നു. പക്ഷേ തുടർന്ന് സ്മൃതി പുറത്തായതോടെ സ്കോറിങ് ഇഴഞ്ഞു. അനാവശ്യ ഷോട്ടുകളിലൂടെ താരങ്ങൾ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോൾ വെറും 4 റൺസിനിടെ 5 വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്.