ADVERTISEMENT

മുംബൈ∙ ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും കൂടുതൽ മത്സരങ്ങൾ‌ നഷ്ടപ്പെടാന്‍ സാധ്യത. കരാറിൽനിന്ന് മാറ്റിനിർത്തിയതോടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിച്ചുനിന്ന താരങ്ങൾക്ക് ശക്തമായ സന്ദേശമാണ് ബിസിസിഐ നൽകിയിരിക്കുന്നത്. 2024ലെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ഇടമുണ്ടാകില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തിളങ്ങിയാലും ഇരുവര്‍ക്കും ലോകകപ്പ് ടീമിലേക്കുള്ള വഴിയടയാനാണു സാധ്യത.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഇഷാൻ കിഷൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് ശ്രേയസ് അയ്യർ. ‘‘ഇഷാൻ കിഷൻ ആവശ്യപ്പെട്ടതു പ്രകാരമാണ് അദ്ദേഹത്തിന് അവധി ലഭിച്ചത്. പക്ഷേ ദേശീയ ക്രിക്കറ്റ് അക്കാദമിയിലോ, സംസ്ഥാന ടീമിലോ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം തയാറായില്ല. പകരം ഒറ്റയ്ക്കു പരിശീലനം തുടങ്ങി. ഇഷാന് വാർഷിക കരാർ നൽകാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇരു താരങ്ങൾക്കും ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരമായി കളിച്ച് ടീമിലേക്കു മടങ്ങിവരാൻ അവസരമുണ്ട്.’’– ബിസിസിഐ വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഇഷാനെയും ശ്രേയസ് അയ്യരെയും എന്തു കാരണത്താലാണ് ഒഴിവാക്കിയതെന്ന് ബിസിസിഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പക്ഷേ ശക്തമായൊരു സൂചന ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. ദേശീയ ടീമിൽ കളിക്കുന്നില്ലെങ്കിൽ എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് മാനസിക സമ്മർദത്തിലാണെന്നു ചൂണ്ടിക്കാട്ടി ഇഷാൻ കിഷൻ അവധിയിൽ പോയത്.

ഫോം തെളിയിക്കുന്നതിനായി ഇഷാന്‍ രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനായി കളിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും താരം അത് അനുസരിച്ചില്ല. ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദേശവും അംഗീകരിച്ചില്ല. ചൊവ്വാഴ്ച ഡി.വൈ. പാട്ടീൽ ട്വന്റി20 ടൂർണമെന്റിൽ കളിച്ച് താരം തിരിച്ചെത്തി. ശ്രേയസ് അയ്യർ നിലവിൽ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കു വേണ്ടി കളിക്കുന്നുണ്ട്. പുറം വേദനയാണെന്നു പറഞ്ഞ് രഞ്ജിയിൽനിന്നു വിട്ടുനിൽക്കാൻ ശ്രേയസ് ശ്രമിച്ചിരുന്നു.

English Summary:

Ishan Kishan, Shreyas Iyer's Troubles Don't End; Duo's T20 World Cup Chances Bleak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com