ADVERTISEMENT

മുംബൈ ∙ രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിലെ സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കം. ഒന്നാം സെമിയിൽ വിദർഭ, മധ്യപ്രദേശിനെയും രണ്ടാം സെമിയിൽ തമിഴ്നാട്, മുംബൈയെയും നേരിടും. 10നാണ് ഫൈനൽ. മത്സരങ്ങൾ രാവിലെ 9.30 മുതൽ ജിയോ സിനിമ ആപ്പിൽ തത്സമയം.

വിദർഭ vs മധ്യപ്രദേശ്

ടൂർണമെന്റിൽ അപരാജിത കുതിപ്പു തുടരുന്ന മധ്യപ്രദേശിനെ അവരുടെ ഹോം ഗ്രൗണ്ടായ നാഗ്പുരിൽ പിടിച്ചുകെട്ടുക വിദർഭയ്ക്ക് എളുപ്പമാകില്ല. കരുൺ നായർ, ധ്രുവ് ഷോറെ, അഥർവ ടൈഡെ, അക്ഷയ് വഡേകർ എന്നീ ബാറ്റർമാരാണ് വിദർഭയുടെ കരുത്ത്. മറുവശത്ത് 2022ലെ ചാംപ്യൻമാരായ മധ്യപ്രദേശും ബാറ്റർമാരുടെ കരുത്തിലാണ് സെമി വരെ എത്തിയത്. വെങ്കടേഷ് അയ്യർ, ഹിമാൻഷു മന്ത്രി, യഷ് ദുബെ എന്നീ ടോപ് ഓർഡർ ബാറ്റർമാർ മികച്ച ഫോമിലാണ്. ഇടംകൈ സ്പിന്നർ കുമാർ കാർത്തികേയ നയിക്കുന്ന ബോളിങ് അറ്റാക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത് മധ്യപ്രദേശിന് ആശ്വാസമാണ്. ക്വാർട്ടറി‍ൽ കരുത്തരായ കർണാടകയെയാണ് വിദർഭ തോൽപിച്ചത്. ആന്ധ്രയെ മറികടന്നാണ് മധ്യപ്രദേശ് സെമി ഉറപ്പിച്ചത്.

തമിഴ്നാട് vs മുംബൈ

ഇന്ത്യൻ താരം ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് രണ്ടാം സെമിഫൈനലിന്റെ ഹൈലൈറ്റ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിന്റെ പേരിൽ ബിസിസിഐയുടെ കരാറിൽ നിന്ന് ശ്രേയസിനെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈയ്ക്കു വേണ്ടി രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാൻ ശ്രേയസ് തയാറായത്. ശ്രേയസിന്റെ വരവോടെ മുംബൈ ബാറ്റിങ് കൂടുതൽ കരുത്താർജിക്കും. മറുവശത്ത് ക്യാപ്റ്റൻ സായ് കിഷോർ നയിക്കുന്ന സ്പിൻ അറ്റാക്കാണ് തമിഴ്നാടിന്റെ ശക്തി. ക്വാർട്ടർ ഫൈനലിൽ ബറോഡയെ മറികടന്നാണ് മുംബൈ സെമി ഉറപ്പിച്ചത്. നിലവിലെ ചാംപ്യൻമാരായ സൗരാഷ്ട്രയെ വീഴ്ത്തിയാണ് തമിഴ്നാടിന്റെ സെമി പ്രവേശം. രഞ്ജി ട്രോഫി ചരിത്രത്തിൽ കൂടുതൽ തവണ കിരീടം ചൂടിയ (41) ടീമാണ് മുംബൈ.

English Summary:

Ranji Trophy Semi Final Matches From today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com