ADVERTISEMENT

ന്യൂയോർക്ക്∙ ജൂണിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിന്റെ ആദ്യഘട്ട ടിക്കറ്റ് വിൽപ്പന ഫെബ്രുവരി 22നാണ് ആരംഭിച്ചത്. പിന്നാലെ ക്രിക്കറ്റ് ആരാധകർ വൻ തോതില്‍ ടിക്കറ്റ് വാങ്ങിക്കൂട്ടുകയും ചെയ്തു. ടൂർണമെന്റിലെ കരുത്തരായ ഇന്ത്യയുടെ മത്സരങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് വന്നത്. പാക്കിസ്ഥാനും കാനഡയ്ക്കുമെതിരെയുള്ള ഇന്ത്യയുടെ മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് ഇതിനോടകം വിറ്റു തീർന്നു. എന്നാൽ നിരവധി ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ പലരും കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് ഇവ വിൽക്കുന്നതായാണ് വിവരം.

Read Also: എയ്ഡന്‍ മര്‍ക്രത്തെ മാറ്റി; ഈ സീസണിൽ സൺറൈസേഴ്സിനെ നയിക്കാന്‍ പാറ്റ് കമിൻസ്

റീസെയിൽ വെബ്സൈറ്റുകളായ സ്റ്റബ്ഹബ്, സീറ്റ്ഗീക്ക് എന്നിവയിലൂടെ മാത്രമേ ഇപ്പോൾ ഇന്ത്യ – പാക്ക്, ഇന്ത്യ – കാനഡ മത്സരങ്ങളുടെ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ഐസിസി വെബ്സൈറ്റിലെ വിവരമനുസരിച്ച് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 497 രൂപയും (6 ഡോളർ) ഉയർന്ന നിരക്ക് 33,160 രൂപയും (400 ഡോളർ) ആണ്. എന്നാൽ നിലവിൽ റീസെയിൽ വെബ്സൈറ്റുകളിൽ ലക്ഷങ്ങളാണ് ടിക്കറ്റിന് ഈടാക്കുന്നത്. ശരാശരി 33 ലക്ഷം രൂപ (40,000 ഡോളർ) യാണ് റീസെയില്‍ മാർക്കറ്റിലെ വില. ഡിമാൻഡ് അനുസരിച്ച് വില വീണ്ടും വർധിക്കും. 

ജൂൺ 9ന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ – പാക്ക് മത്സരത്തിന്റെ ടിക്കറ്റിന് ഏറ്റവും കുറഞ്ഞത് 1.04 ലക്ഷം രൂപയാണ് സ്റ്റബ്ഹബ് ഈടാക്കുന്നത്. അതേസമയം വിഐപി ടിക്കറ്റുകൾക്ക് സീറ്റ്ഗീക്ക് ഇട്ടിരിക്കുന്ന വില 1 കോടി രൂപയിലേറെയാണ്! പ്ലാറ്റ്ഫോം ഫീസ് ഉൾപ്പെടെ 1.86 കോടി രൂപയാണ് ഉയർന്ന ടിക്കറ്റ് നിരക്ക്. നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. ഇക്കാര്യമാണ് മത്സരത്തിന്റെ ഡിമാൻഡ് വൻതോതിൽ ഉയര്‍ത്തുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ – പാക്ക് മത്സരത്തിന് ഈടാക്കിയതിന്റെ മൂന്നിരട്ടിയിലേറെ തുകയാണ് ജൂണിലെ മത്സരത്തിന് ഈ വെബ്സൈറ്റുകൾ ഈടാക്കുന്നത്. 

യുഎസില്‍ ഏറ്റവും പ്രചാരമുള്ള ബാസ്കറ്റ് ബോൾ (എൻബിഎ) ലീഗ്, മേജർ ബേസ്ബോൾ ലീഗുകളിൽ ഈടാക്കുന്ന ടിക്കറ്റ് നിരക്കിനൊപ്പം തന്നെ ക്രിക്കറ്റും എത്തുന്നത് ആദ്യമായാണ്. എൻബിഎ ഫൈനലുകള്‍ക്ക് 20 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് ഉയരാറുണ്ട്. അതേസമയം ജൂൺ 2ന് ആരംഭിക്കുന്ന ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ 20 ടീമുകൾ അണിനിരക്കും. ആതിഥേയരായ യുഎസും കാനഡയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 29നാണ് ഫൈനൽ.

English Summary:

India vs Pakistan T20 World Cup 2024 ticket prices soar to INR 1.86 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com