ഓൾറൗണ്ട് ഷോ! രണ്ടാം സീസണിലും കരുത്തുകാട്ടി വിദേശ ഓൾറൗണ്ടർമാർ

Mail This Article
ബെംഗളൂരു ∙ ബാറ്റിങ്ങിലും ബോളിങ്ങിലും സ്പെഷലിസ്റ്റുകളുടെ സേവനം ടീമുകൾക്കു പ്രയോജനപ്പെടുത്താനാണ് ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി20യിൽ ഇംപാക്ട് പ്ലെയർ സബ്സ്റ്റിറ്റ്യൂഷൻ കൊണ്ടുവന്നത്. എന്നാൽ ഐപിഎലിന്റെ ചുവടുപിടിച്ച് ആരംഭിച്ച വനിതാ പ്രിമിയർ ലീഗിൽ ഇതുവരെ ഇംപാക്ട് പ്ലെയർ നിയമം അവതരിപ്പിച്ചിട്ടില്ല. ഓൾറൗണ്ടർമാരുടെ തിക്കും തിരക്കുമുള്ള ലീഗിൽ അതിന്റെ ആവശ്യമില്ല തന്നെ! ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുന്ന വിദേശ താരങ്ങളുള്ളപ്പോൾ വനിതാ പ്രിമിയർ ലീഗിലെ സ്പെഷലിസ്റ്റുകളിൽ പലരും റിസർവ് ബെഞ്ചിലിരിക്കേണ്ട അവസ്ഥയാണ്.
വനിതാ പ്രിമിയർ ലീഗ് രണ്ടാം സീസണിൽ തിളങ്ങുന്ന വിദേശ ഓൾറൗണ്ടർമാരിൽ ചിലർ
അമേലിയ കെർ
ടീം: മുംബൈ ഇന്ത്യൻസ്
രാജ്യം: ന്യൂസീലൻഡ്
ഡബ്ല്യുപിഎൽ രണ്ടാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ 3 വിജയങ്ങളിൽ രണ്ടിലും പ്ലെയർ ഓഫ് ദ് മാച്ച് ന്യൂസീലൻഡ് ഓൾറൗണ്ടർ അമേലിയ കെർ ആയിരുന്നു. ഗുജറാത്തിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിൽ 31 റൺസും ബോളിങ്ങിൽ 4 വിക്കറ്റും നേടിയത് ലീഗിലെ മികച്ച ഓൾറൗണ്ട് പ്രകടനങ്ങളിൽ ഒന്ന്. ബാംഗ്ലൂരിനെതിരെ 24 പന്തിൽ 7 ഫോർ ഉൾപ്പെടെ 40 റൺസ് നേടി പുറത്താകാതെ നിന്നു.

അലിസ് കാപ്സി
ടീം: ഡൽഹി ക്യാപിറ്റൽസ്
രാജ്യം: ഇംഗ്ലണ്ട്
ഡബ്ല്യുപിഎൽ ആദ്യ സീസണിൽ 159 റൺസും 6 വിക്കറ്റുമായി തിളങ്ങിയ ഇംഗ്ലിഷ് ഓൾറൗണ്ടർ അലിസ് കാപ്സി രണ്ടാം സീസണിന്റെ തുടക്കത്തിലേ താളം കണ്ടെത്തി. 148 റൺസുമായി ടോപ് ഫൈവിലുള്ള കാപ്സി മുംബൈയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ നേടിയത് 75 റൺസ്. ഒരൊറ്റ മത്സരത്തിൽ മാത്രം പന്തെറിഞ്ഞ ഓഫ് സ്പിന്നർ 2 വിക്കറ്റും വീഴ്ത്തി.

നാറ്റ് സിവർ ബ്രെന്റ്
ടീം: മുംബൈ ഇന്ത്യൻസ്
രാജ്യം: ഇംഗ്ലണ്ട്
വനിതാ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടമാരിൽ ഒരാളായ നാറ്റ് സിവർ ബ്രെന്റിനെ 3.2 കോടിക്കാണ് കഴിഞ്ഞവർഷം മുംബൈ ടീമിലെത്തിച്ചത്. 332 റൺസും 10 വിക്കറ്റുമായി ആദ്യ സീസണിൽ ടീമിന്റെ കിരീടനേട്ടത്തിൽ മുഖ്യ പങ്കുവഹിച്ചു. ഇത്തവണ സീസണിൽ 4 മത്സരം മാത്രം പിന്നിട്ടപ്പോഴേക്കും മീഡിയം പേസറുടെ വിക്കറ്റ് നേട്ടം 5 ആയി. ബാറ്റിങ്ങിൽ 87 റൺസും നേടി.

ഗ്രേസ് ഹാരിസ്
ടീം: യുപി വാരിയേഴ്സ്
രാജ്യം: ഓസ്ട്രേലിയ
ആകെ റൺസ് (158), ഫോറുകൾ (22), സിക്സുകൾ (5), സ്ട്രൈക്ക് റേറ്റ് (168.13) എന്നിങ്ങനെ ഈ സീസണിലെ ബാറ്റിങ് കണക്കുകളിലെല്ലാം മുൻനിരയിലുണ്ട് യുപി വാരിയേഴ്സിന്റെ ഓസ്ട്രേലിയൻ താരം ഗ്രേസ് ഹാരിസ്. മധ്യനിരയിൽ വെടിക്കെട്ടു തീർക്കുന്ന ഹാരിസ് കഴിഞ്ഞ സീസണിൽ 165 സ്ട്രൈക്ക് റേറ്റിൽ 230 റൺസ് നേടി യുപിയുടെ ടോപ് സ്കോററായി. ഇത്തവണ 4 മത്സരങ്ങളിൽ പന്തെറിഞ്ഞ ഓഫ് സ്പിന്നർ 2 വിക്കറ്റു വീഴ്ത്തി.

മരിസെയ്ൻ കാപ്
ടീം: ഡൽഹി ക്യാപിറ്റൽസ്
രാജ്യം: ദക്ഷിണാഫ്രിക്ക
34–ാം വയസ്സിലും പ്രതിഭയ്ക്കു മാറ്റൊട്ടും കുറഞ്ഞിട്ടില്ലെന്നു ഓരോ മത്സരത്തിലൂടെയും വിളിച്ചുപറയുകയാണ് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മരിസെയ്ൻ കാപ്. 9 വിക്കറ്റും 177 റൺസുമായി ആദ്യ സീസണിൽ ഡൽഹി ടീമിന്റെ നെടുംതൂണായ കാപ് ഈ സീസണിൽ ഇതുവരെ 6 വിക്കറ്റു വീഴ്ത്തി. യുപി വാരിയേഴ്സിനെതിരായ മത്സരത്തിൽ 4 ഓവറിൽ 5 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തത് വനിതാ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. ബാറ്റിങ്ങിൽ 3 ഇന്നിങ്സുകളിൽ നിന്ന് 48 റൺസ്.