ADVERTISEMENT

ധരംശാല∙ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. നൂറാം ടെസ്റ്റ് കളിക്കാനിറങ്ങുന്ന അശ്വിന് ആശംസ അറിയിക്കാനാണു വിളിച്ചതെന്നും, താരം ഫോൺ കട്ട് ചെയ്തെന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ പ്രതികരിച്ചു. സന്ദേശം അയച്ചിട്ടും അശ്വിൻ മറുപടി നൽകിയില്ലെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ ആരോപിച്ചു. ധരംശാലയിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റാണ് അശ്വിന്റെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരം.

Read Also: സുഹൃത്തിനൊപ്പമുള്ള ചിത്രം വൈറലായി, ചെഹലിന്റെ ഭാര്യ ധനശ്രീക്കെതിരെ വൻ വിമർശനം

‘‘നൂറാം ടെസ്റ്റിന് ആശംസ അറിയിക്കുന്നതിനായി കുറച്ചു തവണ അശ്വിനെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എന്റെ കോൾ അദ്ദേഹം കട്ട് ചെയ്തു. സന്ദേശം അയച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. അതാണു മുൻ താരങ്ങൾക്കു ലഭിക്കുന്ന ബഹുമാനം.’’– ലക്ഷ്മൺ ശിവരാമകൃഷ്ണൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. ‘‘സംസ്കാരമുള്ള ആളുകളിൽനിന്നു മാത്രമാണു ബഹുമാനം ലഭിക്കുക. ഞാൻ അശ്വിന്റെ ആക്ഷനിൽ ഒരു തിരുത്തു മാത്രമാണു പറഞ്ഞത്, അദ്ദേഹത്തെ വിമർശിച്ചിട്ടില്ല.’’– മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.

നേരത്തേ അശ്വിന്റെ ബോളിങ്ങിനെ ലക്ഷ്മണ്‍ ശിവരാമകൃഷ്ണൻ പരിഹസിച്ചിരുന്നു. ധോണിയില്ലായിരുന്നെങ്കിൽ അശ്വിൻ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ലക്ഷ്മണിന്റെ വിമര്‍ശനം. ‘‘ഇന്ത്യൻ ബാറ്റർമാർ സ്പിൻ ബോളിങ്ങിനെതിരെ ബുദ്ധിമുട്ടുകയാണ്. കാരണം ഇന്ത്യയിലെ പിച്ചുകൾ അശ്വിന് ടെസ്റ്റ് കളിക്കാൻ വേണ്ടിയാണു തയാറാക്കിയത്. ഹർഭജൻ സിങ് ആ സമയത്ത് നന്നായി പന്തെറിയുന്നുണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിങ്സും ധോണിയും ഇല്ലായിരുന്നെങ്കിൽ അശ്വിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരുമായിരുന്നു.’’– എന്നാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ മുൻപ് പ്രതികരിച്ചത്.

100 ടെസ്റ്റ് ക്ലബ്ബിൽ ഇടംനേടുന്ന പ്രായംകൂടിയ ഇന്ത്യക്കാരനെന്ന റെക്കോർഡിന് അരികിലാണ് അശ്വിൻ. 37 വയസ്സും 172 ദിവസവുമാണ് നാളെ മത്സരത്തിനിറങ്ങുമ്പോൾ അശ്വിന്റെ പ്രായം. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോർഡ് ഈ പരമ്പരയിൽ സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിൻ മറ്റൊരു റെക്കോർഡിലേക്ക് പന്തെറിയുന്നത്.  ഇതിനു മുൻപ് 13 ഇന്ത്യൻ താരങ്ങൾ മാത്രമാണ് 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചത്.

English Summary:

Laxman Sivaramakrishnan takes a jibe at R Ashwin ahead of his 100th Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com