ADVERTISEMENT

ധരംശാല∙ യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ്ങിന്റെ ക്രെഡിറ്റ് ഇംഗ്ലിഷ് ടീമിനു കൂടി അവകാശപ്പെട്ടതാണെന്ന ബെൻ ഡക്കറ്റിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ. ജയ്സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലി ഇംഗ്ലിഷ് ടീമിന്റെ കളിക്കു സമാനമാണെന്നായിരുന്നു ഡക്കറ്റിന്റെ കണ്ടെത്തൽ. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിനു മുൻപ് ഡക്കറ്റ് ഋഷഭ് പന്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ടാകില്ലെന്നാണ് രോഹിത് ശർമയുടെ മറുപടി.

Read Also: സുഹൃത്തിനൊപ്പമുള്ള ചിത്രം വൈറലായി, ചെഹലിന്റെ ഭാര്യ ധനശ്രീക്കെതിരെ വൻ വിമർശനം

‘‘ഋഷഭ് പന്ത് എന്നൊരു താരം ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കളി ബെൻ ഡക്കറ്റ് കണ്ടിരിക്കാൻ സാധ്യതയില്ല.’’– അഞ്ചാം ടെസ്റ്റിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ പ്രതികരിച്ചു. ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ടോപ് സ്കോററാണ് യശസ്വി ജയ്സ്വാൾ. നാല് മത്സരങ്ങളിൽനിന്ന് താരം നേടിയത് 655 റൺസ്. രാജ്കോട്ടിൽ യശസ്വിയുടെ ബൗണ്ടറികൾ കണ്ട് ത്രില്ലടിച്ച ഡക്കറ്റ്, താരത്തിന്റേത് ബാസ്ബോൾ ശൈലിയാണെന്നു പുകഴ്ത്തുകയായിരുന്നു.

‘‘എതിർനിരയിലെ താരങ്ങൾ ഇങ്ങനെ കളിക്കുമ്പോൾ കുറച്ചു ക്രെഡിറ്റ് നമുക്കും എടുക്കാമെന്നു തോന്നുന്നു. മറ്റുള്ളവര്‍ കളിക്കുന്നതു പോലെയല്ല ഈ ടീം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്.’’– എന്നാണ് ബെൻ ഡക്കറ്റ് മുൻ‌പ് പ്രതികരിച്ചത്. ഡക്കറ്റിന്റെ വാക്കുകൾക്കു മറുപടിയുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസെയ്ൻ തന്നെ നേരത്തേ രംഗത്തെത്തിയിരുന്നു. യശസ്വി ആരെയും കണ്ടു പഠിച്ചതല്ലെന്നും, കഴിവെല്ലാം സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു നാസർ ഹുസെയ്ന്റെ മറുപടി.

ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച ധരംശാലയിൽ നടക്കും. ഒരു ടെസ്റ്റ് പരമ്പരയിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിൽ സുനിൽ ഗാവസ്കറെ (774) മറികടക്കാൻ യശസ്വി ജയ്സ്വാളിന് ഇനി 120 റൺസ് കൂടി വേണം. ധരംശാലയിൽ ജയ്സ്വാൾ ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരമ്പര നേരത്തേ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

English Summary:

Rohit Sharma Silences England Star On Yashasvi Jaiswal Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com