ADVERTISEMENT

കൊച്ചി∙ ‘സംശയം വേണ്ട. കപ്പ് ഇത്തവണ രാജസ്ഥാൻ റോയൽസിനു തന്നെ. ഞാൻ പറയുന്നതു വെറുതെയാകാറില്ല’– ചരിത്രമുറങ്ങുന്ന മഹാരാജാസ് കോളജ് വളപ്പിലെ ക്രിക്കറ്റ് ആരാധകരെ സാക്ഷിനിർത്തി മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് പറഞ്ഞു. അതു കേട്ടു രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസന്റെ മുഖത്തു ചിരിപടർന്നു. ‘വെറുതെ പറയുന്നതല്ല. സത്യം’–ശ്രീശാന്തിന്റെ കൂട്ടിച്ചേർക്കൽ.

Read Also: ഒരു മാറ്റവുമില്ല! പാക്കിസ്ഥാൻ ലീഗിനിടെ രണ്ടു ബാറ്റർമാർ ഒരേ ക്രീസില്‍, റൺ‌ഔട്ടായി സർഫറാസ്

ഈ വർഷത്തെ ഐപിഎൽ സീസണിന്റെ പ്രചാരണപരിപാടിയുടെ ഭാഗമായി മഹാരാജാസ് കോളജ് വളപ്പിൽ നടത്തിയ പരിപാടിയിൽ സഞ്ജു സാംസണിനൊപ്പം സംഗമിച്ചതു ശ്രീശാന്തും കേരളത്തിൽനിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയ ആദ്യ താരം ടിനു യോഹന്നാനും.  ടിനു ആശംസകളുമായി മിതത്വം പാലിച്ചപ്പോൾ പരസ്പരം ‘പൊക്കിയടിച്ചും’ തമാശകൾ പറഞ്ഞും ശ്രീശാന്തും സഞ്ജുവും വേദിനിറഞ്ഞു.

ഇതിനിടെ സഞ്ജുവിന് ഏപ്രിൽ 14 എന്ന തീയതിയുമായുള്ള ബന്ധം പരിപാടിയുടെ അവതാരകൻ ഓർമപ്പെടുത്തി. അന്നായിരുന്നു സഞ്ജുവിന്റെ ഐപിഎൽ അരങ്ങേറ്റം; കിങ്സ് ഇലവൻ പഞ്ചാബിനെതിരെ. അന്നത്തെ സ്കോർ ഓർക്കുന്നോ എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരവുമായി സഞ്ജു പ്രതികരിച്ചു, ‘തീർച്ചയായും. 27 നോട്ടൗട്ട്, 3 ക്യാച്ച്, ഒരു സ്റ്റംപിങ്, ഒരു റണ്ണൗട്ട്’. പിന്നാലെ, നിറഞ്ഞ സദസ്സിന്റെ കരഘോഷം. 

 സഞ്ജുവിന് ആശംസകൾ നേരാൻ പറഞ്ഞപ്പോൾ ടിനുവിന്റെ വാക്കുകളിൽ വീണ്ടും പിശുക്ക്. ‘സഞ്ജു, നിന്റെ സുവർണദിനങ്ങൾ വരാനിരിക്കുന്നു. ഓരോ മത്സരവും ആസ്വദിച്ചു കളിക്കുക’.  ശ്രീശാന്ത് പതിവുപോലെ ആശംസകളെ ബൗണ്ടറി കടത്തി, ‘സഞ്ജുവിനെ ഉപദേശിക്കാൻ ഞാനാളല്ല. എല്ലാമറിയുന്ന ആളാണു സഞ്ജു. ഇപ്പോൾ ചെയ്യുന്നതുതന്നെ ചെയ്യുക. കപ്പ് നേടുക. എനിക്കു മാത്രമല്ല, എല്ലാ മലയാളികൾക്കും പ്രചോദനമാണു നീ. ട്രോഫിയുമായി കൊച്ചിയിലേക്ക്, ഇതേ മഹാരാജാസ് കോളജിലേക്കു വരിക. ആഘോഷമാക്കുക’.

ഉപദേശമില്ലെന്നു പറയുമ്പോഴും വാട്സാപ്പിൽ നീണ്ട ഉപദേശങ്ങൾ അയയ്ക്കും ശ്രീഭായ് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഞാൻ പറഞ്ഞതെല്ലാം ശരിയായിട്ടുണ്ടെന്നായി ശ്രീശാന്ത്.  ടീം മികച്ച രീതിയിൽ തയാറെടുക്കുകയാണെന്നും ലോകം മുഴുവൻ, പ്രത്യേകിച്ചു കേരളത്തിലും ജയ്പുരിലും ആരാധകരുടെ എണ്ണം വർധിച്ചുവരികയാണെന്നും പറഞ്ഞ സഞ്ജു സാംസൺ അതിനു മലയാളി ആരാധകരെ പ്രത്യേകം നന്ദി അറിയിച്ചു.

English Summary:

Cricketers meet at Maharaja's college premises full of excitement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com