ബാസ് ബോൾഡ്! കുൽദീപ് യാദവ് പ്ലെയർ ഓഫ് ദ് മാച്ച്, യശസ്വി ജയ്സ്വാൾ പ്ലെയർ ഓഫ് ദ് സീരീസ്

Mail This Article
ധരംശാല ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഉയർത്തിക്കെട്ടിയ ബാസ്ബോളിന്റെ വിപ്ലവക്കൊടി, പരമ്പര ജയത്തോടെ നാലാം ടെസ്റ്റിൽ തന്നെ ഇന്ത്യ താഴ്ത്തിക്കെട്ടിയിരുന്നു. എന്നാൽ അവസാന ടെസ്റ്റിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച്, ബാസ്ബോൾ യുഗം അവസാനിച്ചിട്ടില്ലെന്നു തെളിയിക്കാനുറച്ചാണ് ബെൻ സ്റ്റോക്സും സംഘവും ധരംശാലയിൽ എത്തിയത്. പക്ഷേ, ഇന്നിങ്സിനും 64 റൺസിനും അഞ്ചാം ടെസ്റ്റ് ജയിച്ച ഇന്ത്യ, 4–1ന്റെ പരമ്പര നേട്ടത്തോടെ ബാസ്ബോളിനോട് എന്നെന്നേക്കുമായി ‘ക്വിറ്റ് ഇന്ത്യ’ പറഞ്ഞു ! ഇന്ത്യൻ സ്പിന്നർ തകർത്താടിയ മൂന്നാം ദിനം, അവസാന സെഷൻ അതിജീവിക്കാനാകാതെ ഇംഗ്ലണ്ട് ബാറ്റർമാർ കൂടാരം കയറി.
സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 218, രണ്ടാം ഇന്നിങ്സ് 195, ഇന്ത്യ ഒന്നാം ഇന്നിങ്സ് 477. 2 ഇന്നിങ്സിലുമായി 7 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ കുൽദീപ് യാദവാണ് പ്ലെയർ ഓഫ് ദ് മാച്ച്. 9 ഇന്നിങ്സുകളിൽ നിന്ന് 712 റൺസുമായി ഇന്ത്യൻ കുതിപ്പിനു ചുക്കാൻ പിടിച്ച യുവതാരം യശസ്വി ജയ്സ്വാളാണ് പ്ലെയർ ഓഫ് ദ് സീരീസ്.
സർവം ഇന്ത്യ
8ന് 473 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് 4 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവസാന 2 വിക്കറ്റുകൾ നഷ്ടമായി. 259 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന്, രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു.
രണ്ടാം ഓവറിൽ ബെൻ ഡക്കറ്റിനെ (0) പുറത്താക്കിയ ആർ.അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. അശ്വിനെ സ്റ്റെപ് ഔട്ട് ചെയ്തു കളിക്കാൻ ശ്രമിച്ച ഡക്കറ്റ് ബോൾഡ് ആവുകയായിരുന്നു. പിന്നാലെ സാക് ക്രൗലിയെയും (0) ഒലി പോപ്പിനെയും (19) മടക്കിയയച്ച അശ്വിൻ, മത്സരം നാലാം ദിവസത്തിലേക്ക് കടക്കില്ലെന്ന് ഉറപ്പാക്കി.
നാലാം വിക്കറ്റിൽ 50 പന്തിൽ 56 റൺസ് ചേർത്ത ജോ റൂട്ട് (84)– ജോണി ബെയർസ്റ്റോ (39) സഖ്യം ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും ബെയർസ്റ്റോയെ മടക്കിയ കുൽദീപ് ഇംഗ്ലിഷ് പ്രതീക്ഷകൾ തല്ലിക്കെടുത്തി.
പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർമാർ ഇംഗ്ലിഷ് വാലറ്റത്തെ ചുരുട്ടിക്കെട്ടി. ഒരറ്റത്ത് ജോ റൂട്ട് തീർത്ത പ്രതിരോധമാണ് ഇന്ത്യൻ വിജയം വൈകിപ്പിച്ചത്.
അശ്വിൻ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ്, ജസ്പ്രീത് ബുമ്ര എന്നിവർ 2 വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 100 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ടീം 5 മത്സര പരമ്പരയിൽ ആദ്യ മത്സരം തോറ്റ ശേഷം 4–1ന് പരമ്പര സ്വന്തമാക്കുന്നത്. 1912ൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടായിരുന്നു അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റ് അരങ്ങേറ്റത്തിലും 100–ാം ടെസ്റ്റിലും 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബോളറായി ഇന്ത്യയുടെ ആർ.അശ്വിൻ. തന്റെ അരങ്ങേറ്റ ടെസ്റ്റിലും 50, 100 ടെസ്റ്റുകളിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചു എന്ന റെക്കോർഡും അശ്വിന് സ്വന്തം.
ടെസ്റ്റ് ക്രിക്കറ്റിലെ 5 വിക്കറ്റ് നേട്ടത്തിൽ മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയെ (35) മറികടന്ന് ആർ.അശ്വിൻ (36). ഇനി മുന്നിലുള്ളത് മുൻ ന്യൂസീലൻഡ് താരം റിച്ചാർഡ് ഹാഡ്‌ലി (36), മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോൺ (37), മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ (67) എന്നിവർ മാത്രം.