ADVERTISEMENT

മുംബൈ∙ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതു തിടുക്കത്തിലുള്ള തീരുമാനമായിപ്പോയെന്ന് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ ചേരുകയാണു വേണ്ടതെന്നും റായുഡു പറഞ്ഞു. ‘‘രോഹിത് ശര്‍മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുംബൈ ഇന്ത്യൻസ് തിടുക്കത്തില്‍ എടുത്തൊരു തീരുമാനമായിപ്പോയി. രോഹിത് ടീം ഇന്ത്യയെ നയിക്കുന്ന നിലയ്ക്ക്, മുംബൈ ഇന്ത്യൻസ് ഈ സീസണിൽ രോഹിത് ശർമയെ ക്യാപ്റ്റനാക്കി തന്നെ കളിക്കണമായിരുന്നു.’’– അംബാട്ടി റായുഡു ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘‘ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു സീസണ്‍ രോഹിത് ശർമയ്ക്കു കീഴിൽ കളിക്കാമായിരുന്നു. അതിനു ശേഷം അടുത്ത സീസണിൽ മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുക്കാം. ഗുജറാത്ത് ടൈറ്റന്‍സിൽനിന്ന് മുംബൈ ഇന്ത്യൻസിലെത്തി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു മുന്നോട്ടുപോകുന്നത് പാണ്ഡ്യയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമാകും. കാരണം രണ്ട് ടീമുകളും രണ്ടു രീതികളിലാണു പ്രവർത്തിക്കുന്നത്. രോഹിത് ശർമ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം കളിക്കുന്നതു ഞാൻ ഇഷ്ടപ്പെടുന്നു. അടുത്ത സീസൺ മുതൽ എം.എസ്. ധോണി ടീമിനൊപ്പമില്ലെങ്കിൽ രോഹിത് ശർമയ്ക്കു ടീമിന്റെ ക്യാപ്റ്റനുമാകാം.’’– റായുഡു വ്യക്തമാക്കി.

മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേർന്ന ഹാർദിക് പാണ്ഡ്യ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയത്. രോഹിത് ശർമ ഇത്തവണ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ ഐപിഎല്ലിൽ കളിക്കാനിറങ്ങും. രോഹിത്തിനെ നീക്കിയതിൽ മുംബൈ ഇന്ത്യൻസ് ആരാധകരും രോഷത്തിലാണ്. മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ ഐപിഎൽ പോരാട്ടം.

English Summary:

I would like to see Rohit at Chennai Super Kings: Ambati Rayudu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com