ADVERTISEMENT

മുംബൈ∙ ഐപിഎൽ 2024 സീസണിനു മുന്നോടിയായി കഠിന പരിശീലനത്തിലാണ് യുവ ഇന്ത്യൻ പേസ് ബോളർ അർജുൻ തെൻഡുൽക്കർ. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമായ അർജുൻ ഐപിഎല്ലിനു വേണ്ടി മുംബൈ ഇന്ത്യൻസ് ക്യാംപിൽ ചേർന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻ‍ഡുൽക്കറുടെ മകൻ നെറ്റ്സിൽ തകർപ്പൻ ബോളിങ് പ്രകടനം നടത്തുന്ന വിഡിയോ മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

അർജുന്റെ യോർക്കർ നേരിടാൻ സാധിക്കാതെ ബാറ്റർ ക്രീസിൽ പരാജയപ്പെട്ടുപോകുന്നതും വിഡിയോയിലുണ്ട്. ഏതു മുംബൈ താരമാണ് അർജുന്റെ പന്തിൽ വീണുപോകുന്നതെന്ന് ടീം വ്യക്തമാക്കിയിട്ടില്ല. അതേസമയം അത് ഇന്ത്യൻ താരം ഇഷാന്‍ കിഷനാണെന്നാണു സമൂഹമാധ്യമങ്ങളിലെ ചിലരുടെ കണ്ടെത്തൽ. മുംബൈയുടെ ആദ്യ പരിശീലന സെഷനിൽ ഇഷാൻ ഉണ്ടായിരുന്നില്ലെന്നാണു വിവരം.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം യുവതാരങ്ങളാണ് അദ്യ ദിവസം പരിശീലിക്കാൻ ഇറങ്ങിയത്. ജെറാൾഡ് കോട്സീ, ശ്രേയസ് ഗോപാൽ, നേഹൽ വധേര, ആകാശ് മഡ്‍വാൾ, അർജുൻ തെൻഡുൽക്കർ, വിഷ്ണു വിനോദ്, ശിവാലിക് ശർമ, നമൻ ധിർ, അൻഷുൽ കാംബോജ് എന്നിവർ ടീമിനൊപ്പം ചേർന്നു. 2021 ൽ മുംബൈ ഇന്ത്യൻസിലെത്തിയ അർജുൻ തെൻ‍ഡുല്‍ക്കർ കഴിഞ്ഞ സീസണിലാണ് അരങ്ങേറ്റ മത്സരം കളിച്ചത്. 2023 ൽ നാലു മത്സരങ്ങളിൽ താരം മുംബൈ ഇന്ത്യൻസിനു വേണ്ടി പന്തെറിഞ്ഞു. 

മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ സീസണിലെ ആദ്യ മത്സരം. മാസങ്ങളായി ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്ന ഇഷാൻ കിഷൻ ഐപിഎല്ലിനു വേണ്ടിയുള്ള ഒരുക്കത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇഷാൻ കളിച്ചിരുന്നില്ല. ബി‌സിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഷാൻ ടീമിനൊപ്പം ചേർന്നില്ല. താരത്തെ ബിസിസിഐ വാർഷിക കരാറിൽനിന്നു പുറത്താക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com