ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ അശ്വിൻ വീണ്ടും ഒന്നാം നമ്പർ ബോളർ, മൂന്നാമതായി ജസ്പ്രീത് ബുമ്ര

Mail This Article
ദുബായ്∙ ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ ആര്‍. അശ്വിൻ വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയെ പിന്തള്ളിയാണ് അശ്വിൻ ഒന്നാം സ്ഥാനത്തേക്കു കുതിച്ചത്. ധരംശാല ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ അശ്വിൻ ഒൻപതു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പരമ്പരയിൽ ആകെ 26 വിക്കറ്റുകളാണു താരം നേടിയത്.
Read Also: മലപ്പുറത്ത് വിദേശ ഫുട്ബോൾ താരത്തെ കാണികൾ മർദിച്ചു; വംശീയാധിക്ഷേപം നടത്തിയെന്നു പരാതി
കഴിഞ്ഞ ജനുവരിയിലാണ് അശ്വിനെ പിന്തള്ളി ജസ്പ്രീത് ബുമ്ര ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. പുതിയ റാങ്കിങ് പ്രകാരം അശ്വിൻ ഒന്നാമതും ബുമ്ര മൂന്നാം സ്ഥാനത്തുമാണ്. അശ്വിന്റെ കരിയറിലെ നൂറാം ടെസ്റ്റായിരുന്നു ധരംശാലയിലേത്. ഓസ്ട്രേലിയൻ താരം ജോഷ് ഹെയ്സൽവുഡാണ് രണ്ടാം സ്ഥാനക്കാരൻ.
ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ നാലാം സ്ഥാനത്തും ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് അഞ്ചാമതുമാണ്. ബാറ്റിങ് റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാമതെത്തി. യുവതാരം യശസ്വി ജയ്സ്വാൾ റാങ്കിങ്ങിൽ എട്ടാമതുണ്ട്.