ADVERTISEMENT

ചെന്നൈ ∙ അമ്മയ്ക്കു അസുഖം വന്ന നേരത്തു തനിക്കുവേണ്ട എല്ലാ പിന്തുണയും നൽകിയത് രോഹിത് ശർമയാണെന്ന് ഇന്ത്യൻ താരം ആർ.അശ്വിൻ. രോഹിത് എന്ന ക്യാപ്റ്റനു വേണ്ടി ഗ്രൗണ്ടിൽ ജീവൻ വെടിയാനും താൻ തയാറാണെന്നും തന്റെ യുട്യൂബ് ചാനൽ പരിപാടിയിൽ അശ്വിൻ പറഞ്ഞു.

‘രാജ്കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിനം. 500 വിക്കറ്റ് നേടിയ സന്തോഷത്തിലാണ് അന്നത്തെ മത്സരം കഴിഞ്ഞ് ഞാൻ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ആ സന്തോഷം പങ്കിടാൻ വീട്ടുകാരുടെ ഫോൺ കോൾ കാത്തിരിക്കുകയായിരുന്നു ഞാൻ. പക്ഷേ, രാത്രിയായിട്ടും ആരും വിളിച്ചില്ല. ഒടുവിൽ ഞാൻ പ്രീതിയെ (ഭാര്യ) അങ്ങോട്ടുവിളിച്ചു. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അമ്മ തലകറങ്ങി വീണെന്നും അബോധാവസ്ഥയിലാണെന്നും അവൾ പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. എനിക്കു കരച്ചിൽ അടക്കാൻ സാധിച്ചില്ല. കരയുന്നത് ആരും കാണാതിരിക്കാൻ ഞാൻ റൂമിലേക്കു പോയി. അപ്പോഴാണ് രോഹിത് അങ്ങോട്ടു വന്നത്. എന്റെ മാനസികാവസ്ഥ അറിയാവുന്ന പ്രീതി, രോഹിത്തിനെ വിളിച്ചിരിക്കാം.

Read Also: മലപ്പുറത്ത് വിദേശ ഫുട്ബോൾ താരത്തെ കാണികൾ മർദിച്ചു; വംശീയാധിക്ഷേപം നടത്തിയെന്നു പരാതി

റൂമിൽ വന്നപാടെ എന്നോട് ബാഗ് പാക്ക് ചെയ്ത് നാട്ടിലേക്കു മടങ്ങാനാണ് രോഹിത് ആവശ്യപ്പെട്ടത്. ഒറ്റയ്ക്കു പോകേണ്ടെന്നും ടീം ഫിസിയോ കമലേഷ് ജയ്നെ ഒപ്പം അയയ്ക്കാമെന്നും രോഹിത് പറഞ്ഞു. ഒറ്റയ്ക്കു പോകാമെന്ന് ഞാൻ പറഞ്ഞെങ്കിലും രോഹിത് സമ്മതിച്ചില്ല. യാത്രയിൽ ഉടനീളം കമലേഷിനെ ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്ന രോഹിത്, എന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു.

ഒരു ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ മഹത്വം അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. എന്നെ നാട്ടിലേക്ക് അയച്ചതോടെ അദ്ദേഹത്തിന്റെ ചുമതല തീർന്നെങ്കിലും തിരിച്ചുവരുന്നതു വരെ ഞാൻ ഓക്കെയാണെന്ന് ഉറപ്പാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു’ അശ്വിൻ പറഞ്ഞു. രാജ്കോട്ടിൽ നിന്നു ചെന്നൈയിലേക്ക് മടങ്ങാൻ തനിക്കു ചാർട്ടേഡ് വിമാനം ഏർപ്പാടാക്കിയത് ചേതേശ്വർ പൂജാരയാണെന്നും അശ്വിൻ പറഞ്ഞു.

English Summary:

Ready to risk life for Rohit Sharma says Ashwin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com