ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ നവംബറില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ചില്‍ ഇന്ത്യയുടെ കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അറിവോടെ കൃത്രിമത്വം നടത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ് രംഗത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദ്രാവിഡിന്‍റെയും രോഹിത്തിന്‍റെയും നിര്‍ദേശത്തോടെയാണ് ഓസ്ട്രേലിയയ്ക്കെതിരായ കലാശ പോരാട്ടത്തിനുള്ള പിച്ച് തയാറാക്കിയത്. ഫൈനലിന് മൂന്ന് ദിവസം മുൻപ് താനവിടെ ഉണ്ടായിരുന്നുവെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കൈഫ് പറഞ്ഞു.

Read Also: ‘നിങ്ങളുടെ അമ്മയെയും പെങ്ങളെയും പോലെ ഞാനും ഒരു സ്ത്രീയാണ്, വിദ്വേഷം വേണ്ട’: പ്രതികരിച്ച് ധനശ്രീ

‘‘ഫൈനലിന് മൂന്ന് ദിവസം മുൻപ് ഇന്ത്യൻ സംഘം അഹമ്മദാബാദിൽ എത്തിയിരുന്നു. മൂന്ന് ദിവസവും ദ്രാവിഡും രോഹിത്തും പിച്ച് പരിശോധിക്കാന്‍ എത്തിയിരുന്നു. പിച്ചിന് സമീപം അവര്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. പിച്ചിന്‍റെ നിറം മാറുന്നത് ഞാന്‍ കണ്ടതാണ്. സ്പിന്നര്‍മാരെ സഹായിക്കുന്ന വരണ്ട പിച്ച് ആക്കാന്‍ വേണ്ടി നനച്ചിരുന്നില്ല. പിച്ചില്‍ പുല്ലും ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയക്ക് സ്ലോ പിച്ച് നല്‍കാനാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ഓസീസ് നിരയില്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമുണ്ടെന്നതിനാലാണ് ഇന്ത്യ സ്ലോ പിച്ച് തയാറാക്കിയത്. അതാണ് നമുക്ക് പറ്റിയ തെറ്റ്. ആരാധകര്‍ക്ക് വിശ്വസിക്കാന്‍ മടിയുണ്ടെങ്കിലും അതാണ് വസ്തുത.

ക്യൂറേറ്റര്‍ ആണ് പിച്ച് തയാറാക്കിയതെന്നും തങ്ങള്‍ അതില്‍ ഇടപെടാറില്ലെന്നും പലരും പറയാറുണ്ട്. എന്നാൽ പിച്ചിന് സമീപത്തുകൂടി നടക്കുമ്പോള്‍ നിങ്ങള്‍ രണ്ടുവരി ക്യൂറേറ്ററോട് പറഞ്ഞാല്‍ മതി. വെള്ളം നനക്കരുതെന്നും പുല്ല് വേണ്ടെന്നും പറഞ്ഞാൽ അത് അങ്ങനെ തന്നെ സംഭവിക്കും. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യമാണ് അത്. ഫൈനലില്‍ ടോസ് നേടിയാല്‍ മിക്കവരും ബാറ്റിങ്ങാണ് തിരഞ്ഞെടുക്കുക. എന്നാല്‍ ചെന്നൈയിലെ തോല്‍വിയില്‍ നിന്ന് ഓസീസ് പഠിച്ചു. സ്ലോ പിച്ചിൽ ബാറ്റ് ചെയ്യുമ്പോൾ തുടക്കത്തിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കിയ കമിന്‍സ് ബോളിങ് തെരഞ്ഞെടുത്തു’’ –കൈഫ് പറഞ്ഞു.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 6 വിക്കറ്റിനു തകർത്താണ് ഓസ്ട്രേലിയ കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ അവർ 240ന് പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറി കരുത്തില്‍ ലക്ഷ്യത്തിലെത്തി. ഓസീസിന്റെ ആറാം ലോകകിരീടമായിരുന്നു ഇത്. മികച്ച പ്രകടനം പുറത്തെടുത്ത സൂപ്പർ താരം വിരാട് കോലി ടൂർണമെന്റിലെ താരമായി. 

English Summary:

India 'doctored' 2023 World Cup final pitch, claims Mohammed Kaif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com