ADVERTISEMENT

കാറപകടത്തിൽ പരുക്കേറ്റ് ഋഷഭ് പന്തിനു പുറത്തിരിക്കേണ്ടിവന്ന കഴിഞ്ഞ സീസൺ ഡൽഹി ക്യാപിറ്റൽസിന് ഒട്ടും ആശാവഹമായിരുന്നില്ല. 14 മത്സരങ്ങളി‍ൽ 5 എണ്ണം മാത്രം ജയിക്കാനായ ടീം ഒൻപതാം സ്ഥാനത്ത് ഒതുങ്ങി. ഇത്തവണ പന്ത് തിരിച്ചുവരുമ്പോഴും മറുവശത്തു കൊഴിഞ്ഞുപോക്കാണ്. കഴിഞ്ഞ സീസണിൽ 4 കോടി രൂപയ്ക്കു സ്വന്തമാക്കിയ ഹാരി ബ്രൂക്കും ദക്ഷിണാഫ്രിക്കൻ പേസർ ലുങ്ഗി എൻഗിഡിയും ഇത്തവണ കളിക്കില്ല.

Read Also: സ്മൃതിയുടെ കിരീടനേട്ടം ആഘോഷമാക്കി ആൺസുഹൃത്ത്; കളി കാണാൻ പലാഷ് ഗാലറിയിൽ

FIRST LOOK

ഡേവിഡ് വാർണർ, പൃഥ്വി ഷാ, മിച്ചൽ മാ‍ർഷ് എന്നിവർ അടങ്ങിയ ടോപ് ഓർഡർ ബാറ്റിങ് നിരയ്ക്കു പന്തിന്റെ വരവോടെ പ്രഹരശേഷി കൂടും. കഴിഞ്ഞ സീസണിൽ 17.47 റൺസ് മാത്രമായിരുന്നു മധ്യനിരയിൽ ഡൽഹിയുടെ ബാറ്റിങ് ശരാശരി. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇടംകൈ സ്പിന്നർമാരായ കുൽദീപ് യാദവ്, അക്ഷർ പട്ടേലും ഡൽഹി ക്യാംപിലാണ്.

FEAR‌ FACTOR

ഡെത്ത് ഓവർ ബാറ്റിങ്ങിലെ വേഗക്കുറവ് കഴിഞ്ഞ സീസണിൽ ഡൽഹിയെ നന്നായി വേട്ടയാടി. കഴിഞ്ഞ തവണ അവസാന 5 ഓവറിലെ ഏറ്റവും മോശം ബാറ്റിങ് ശരാശരിയും (14.3) റൺറേറ്റും (8.3) ഡൽഹിയുടേതായിരുന്നു. എൻഗിഡിയുടെ അഭാവത്തിൽ ഇത്തവണ പേസ് ആക്രമണം നയിക്കേണ്ട ദക്ഷിണാഫ്രിക്കൻ താരം എൻറിച് നോർട്യ കഴിഞ്ഞ 8 മാസത്തിനിടെ കളിച്ചതു 2 മത്സരങ്ങൾ മാത്രമാണ്. 14 മാസത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന ഋഷഭ് പന്തിന്റെ ഫോമും ഫിറ്റ്നസും ചോദ്യചിഹ്നം.

SUPER XII

പൃഥ്വി ഷാ, വാർണർ, മിച്ചൽ മാർഷ്, പന്ത്, ട്രിസ്റ്റൻ സ്റ്റബ്സ്, അക്ഷർ പട്ടേൽ, കുമാർ കുശാഗ്ര, കുൽദീപ് യാദവ്,  നോർട്യ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്, ലളിത് യാദവ്. 

മുഖം മാറി മുംബൈ

രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റി ഹാർദിക് പാണ്ഡ്യയ്ക്കു ക്യാപ് നൽകിയതിന്റെ പേരിലുള്ള കലഹങ്ങൾ ശമിപ്പിക്കാൻ ഉജ്വല വിജയങ്ങൾ മാത്രമാണ് പോംവഴി. മറിച്ചായാൽ അതൊരു കലാപമായി ആളിപ്പടരും. രോഹിത്തിന്റെ ‘‌റോ‌ൾ’ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുമ്പോഴും ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവ് മുംബൈ ആരാധകർ ആഘോഷമാക്കുകയാണ്. 

FIRST LOOK

ജെറാൾഡ് കോട്‌സെ, നുവാൻ തുഷാര, ദിൽഷൻ മധുശങ്ക എന്നീ വിദേശ പേസർമാർ ചേർന്നതോടെ മുംബൈ ടീമിലെ പേസർമാർ ഏഴായി. ‌ ‌കഴിഞ്ഞ സീസണിലെ മികച്ച സ്ട്രൈക്ക് റേറ്റും (158.9), കൂടുതൽ സിക്സുകളും (140) പറത്തിയ ബാറ്റിങ് ലൈനപ്പിലേക്കാണ് ഹാർദിക് പാണ്ഡ്യ കൂടി ചേരുന്നത്. രോഹിത് ശർമ, ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ടിം ഡേവിഡ്... എന്നിങ്ങനെ നീളുന്ന പട്ടിക കടലാസിലും കളത്തിലും കരുത്തർ. മുഹമ്മദ് നബിയുടെ വരവോടെ വാലറ്റത്തും വമ്പനടിക്ക് ആളായി. 

FEAR‌ FACTOR

9 റൺസ് ഇക്കോണമിയിൽ റൺസ് വഴങ്ങിയ മുംബൈ സ്പിന്നർമാർക്ക് കഴിഞ്ഞ സീസണിൽ മധ്യ ഓവറുകളിൽ ‘ഇംപാക്ട്’ ഉണ്ടാക്കാനായില്ല. ഇത്തവണ വിദേശത്തുനിന്ന് ഒരു സ്പെഷലിസ്റ്റ് സ്പിന്നറുടെ വരവ് കാത്തിരുന്ന ആരാധകരെ മുംബൈ നിരാശരാക്കി. ആഭ്യന്തര സീസണിൽ നിരാശപ്പെടുത്തിയ വെറ്ററൻ‌ താരം പിയൂഷ് ചൗളയെ ആശ്രയിക്കേണ്ടിവരും. 

SUPER XII

ഇഷൻ കിഷൻ, രോഹിത് ശർമ, സൂര്യകുമാ‍ർ യാദവ്, തിലക് വർമ, ഹാ‍ർദിക് പാണ്ഡ്യ, ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ്, ജെറാൾഡ് കോട്‌സെ, ജസ്പ്രീത് ബുമ്ര, ആകാശ് മധ്‌വാൾ, പിയൂഷ് ചൗള,

English Summary:

IPL 2024 team analysis, Mumbai Indians, Delhi Capitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com