ADVERTISEMENT

ചെന്നൈ ∙ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തുനിന്ന് എം.എസ്.ധോണി ഒഴിഞ്ഞു. യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ഈ സീസണിൽ ടീമിനെ നയിക്കും. ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ നായകനായി ഓപ്പണര്‍ ഋതുരാജ് ഗയ്ക്‌വാദിനെ അവതരിപ്പിച്ചത്. 2008ൽ ഐപിഎൽ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിനെ നയിക്കുന്നത് ധോണിയാണ്. 212 മത്സരങ്ങളിൽ ധോണി ചെന്നൈയെ നയിച്ചു. ഇതിൽ 128 മത്സരങ്ങളിൽ ജയിക്കുകയും 82 മത്സരങ്ങൾ തോൽക്കുകയും ചെയ്തു.

2022ൽ സീസണിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും, തുടർച്ചയായി തോറ്റതോടെ ധോണിയെ തന്നെ ക്യാപ്റ്റനാക്കി. ‘‘2024 ഐപിഎൽ സീസണിന്റെ തുടക്കത്തിനു മുന്നോടിയായി, എം.എസ്.ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസി ഋതുരാജ് ഗയ്ക്‌വാദിന് കൈമാറി. 2019 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമായ ഋതുരാജ്, ഈ കാലയളവിൽ 52 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വരുന്ന സീസണ്‍ ടീം പ്രതീക്ഷയോടെ കാണുന്നു’’ –ടീം മാനേജ്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ധോണിയുടെ നായകത്വത്തിനു കീഴിൽ അഞ്ചു തവണയാണ് ചെന്നൈ ഐപിഎൽ കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ധോണിയും സംഘവും ചാംപ്യന്മാരായത്. വിവിധ ട്വന്റി20 ടൂർണമെന്റുകളിലായി സിഎസ്കെയുടെ ഏഴാം കിരീടമായിരുന്നു ഇത്. 2007ൽ ട്വന്റി20 ലോകകപ്പ്, 2011ൽ ഏകദിന ലോകകപ്പ്, 2013ൽ ചാംപ്യൻസ് ട്രോഫി എന്നിവ നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ധോണിയാണ്. 

2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ഈ സീസണോടെ ധോണി ഐപിഎല്ലിൽനിന്ന് വിരമിക്കുമെന്നും അങ്ങനെയെങ്കിൽ ചെന്നൈ പുതിയ നായകനെ നിയമിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.  മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെയും നേരത്തെ മാറ്റിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് ഇത്തവണ മുംബൈയെ നയിക്കുന്നത്. ക്യാപ്റ്റന്‍മാരായി ധോണിയോ രോഹിത്തോ കോലിയോ ഇല്ലാത്ത ആദ്യ ഐപിഎൽ കൂടിയാകും ഇത്തവണത്തേത്.

English Summary:

Dhoni steps down as CSK captain; Ruturaj Gaikwad to lead Chennai Super Kings in IPL 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com