ADVERTISEMENT

ചെന്നൈ ∙ ‘തല’മാറിയെങ്കിൽ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ‘തലവര’ മാറിയിട്ടില്ല. പതിനേഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനു വീഴ്ത്തി ചെന്നൈയ്ക്കും ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഋതുരാജ് ഗെയ്ക്‌വാദിനും വിജയത്തുടക്കം. കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ആർസിബിക്ക് തുടക്കം പാളി. ആർസിബി ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 18.4 ഓവറിലാണ് ചെന്നൈ മറികടന്നത്. കിവീസ് താരം രചിൻ രവീന്ദ്ര (15 പന്തിൽ 37), ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബെ (28 പന്തിൽ 34*), രവീന്ദ്ര ജഡേജ (17 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിൽ, ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും (15 പന്തിൽ 15), രചിൻ രവീന്ദ്രയും ചേർന്ന് ഒന്നാം വിക്കറ്റിൽ 38 റൺസ് കൂട്ടിച്ചേർത്തു. നാലാം ഓവറിൽ ഗെയ്‌ക്‌വാദിനെ കാമറൂൺ ഗ്രീനിന്റെ കൈകളിൽ എത്തിച്ച് യഷ് ദയാൽ കൂട്ടുകെട്ട് പൊളിച്ചു. രണ്ടാം വിക്കറ്റിൽ രഹാനയെ (19 പന്തിൽ 27*) കൂട്ടുപിടിച്ച് രചിൻ രവീന്ദ്ര പോരാട്ടം തുടർന്നു. ഏഴാം ഓവറിൽ കരൺ ശർമയാണ് രചിനെ മടക്കിയത്. പിന്നീടെത്തിയ ഡാരിൽ മിച്ചലും (18 പന്തിൽ 22) മോശമാക്കിയില്ല. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ദുബെയും രവീന്ദ്ര ജഡേജയും (17 പന്തിൽ 25) ചെന്നൈ വിജയം അനയാസമാക്കുകയായിരുന്നു.

∙ റാവത്തിലൂടെ ആർസിബി

മുൻനിര ബാറ്റർമാർ മികച്ച സ്കോർ കണ്ടെത്താനാകാതെ മടങ്ങിയപ്പോൾ ആർസിബിക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് നേടാനായത്. 25 പന്തിൽ 48 റൺസെടുത്ത അനുജ് റാവത്താണ് അവരുടെ ടോപ് സ്കോറർ. 4 ഓവറിൽ 29 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ മുസ്തഫിസുർ റഹ്മാന്‍ ചെന്നൈയ്ക്കു വേണ്ടി തിളങ്ങി.

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആർസിബിയുടെ കാമറൂൺ ഗ്രീനിന്റെ ബാറ്റിങ് (Photo by R.Satish BABU / AFP)
ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആർസിബിയുടെ കാമറൂൺ ഗ്രീനിന്റെ ബാറ്റിങ് (Photo by R.Satish BABU / AFP)

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരുവിന് ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും (35) വിരാട് കോലിയും (21) മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 4.3 ഓവറിൽ 41 റൺസ് നേടി. എന്നാൽ‌ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ അവർ പ്രതിരോധത്തിലായി. ഡൂപ്ലെസിക്കു പിന്നാലെ രജത് പാട്ടിദാർ, ഗ്ലെൻ മാക്സ്‌വൽ‌ എന്നിവർ സംപൂജ്യരായി മടങ്ങിയതോടെ 3ന് 42 എന്ന നിലയിലേക്ക് അവർ വീണു.

സ്കോർ 72ൽ നിൽക്കേ രചിൻ രവീന്ദ്രയ്ക്ക് ക്യാച്ച് നൽകി കോലിയും മടങ്ങി. ക്ഷമയോടെ കളിച്ചുവന്ന കാമറൂൺ ഗ്രീൻ (18) മുസ്തഫിസൂർ റഹ്മാന്റെ പന്തിൽ ക്ലീൻ ബോൾഡായി. അവസാന ഓവറുകളിൽ അനുജ് റാവത്തും ദിനേഷ് കാർത്തിക്കും ചേർന്ന് നടത്തിയ വെടിക്കെട്ടു പ്രകടനമാണ് ആർസിബിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 95 റൺസ് കൂട്ടിച്ചേർത്തു. അനുജ് 25 പന്തിൽ 48 റണ്‍സ് നേടിയപ്പോൾ 26 പന്തിൽ 38 റൺസാണ് കാർത്തിക്കിന്റെ സമ്പാദ്യം.

ചെന്നൈക്കു വേണ്ടി സമീർ റിസ്‌വി അരങ്ങേറ്റം കുറിച്ചു. ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മഹീഷ് തീക്‌ഷണ, മുസ്തഫിസുർ റഹ്മാൻ എന്നിവരാണ് ഇന്നത്തെ മത്സരത്തിൽ ചെന്നൈയുടെ വിദേശ താരങ്ങൾ. മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ഡൂപ്ലെസിക്കൊപ്പം വിരാട് കോലി, ഗ്ലെൻ മാക്സ്‌വൽ, കാമറൂൺ ഗ്രീൻ ഉൾപ്പെടെയുള്ള വമ്പൻ ബാറ്റിങ് നിരയുമായാണ് ബെംഗളൂരു കളത്തിലിറങ്ങിയത്.

∙ പ്ലേയിങ് ഇലവൻ

ചെന്നൈ സൂപ്പർ കിങ്സ്: ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എം.എസ്.ധോണി (വിക്കറ്റ് കീപ്പർ), ദീപക് ചാഹർ, മഹീഷ് തീക്‌ഷണ, മുസ്തഫിസുർ റഹ്മാൻ, തുഷാർ ദേശ്പാണ്ഡെ

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു: ഫാഫ് ഡൂപ്ലെസി (ക്യാപ്റ്റൻ), വിരാട് കോലി, രജത് പാട്ടിദാർ, ഗ്ലെൻ മാക്സ്‌വൽ, കാമറൂൺ ഗ്രീൻ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പർ), അനുജ് റാവത്ത്, കരൺ ശർമ, അൽസാരി ജോസഫ്, മായങ്ക് ദാകർ, മുഹമ്മദ് സിറാജ്.

∙ തുടക്കം വർണാഭം

17–ാം സീസണിന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വർണാഭമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എ.ആർ.റഹ്മാൻ, സോനു നിഗം എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശയോടെയാണു പരിപാടികൾ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നടന്നു. കാണികളെ ഐപിഎൽ പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ടാണ് ഉദ്ഘാടന പരിപാടികൾ അരങ്ങേറിയത്.

English Summary:

IPL 2024, Royal Challengers Bengaluru vs Chennai Super Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com