ADVERTISEMENT

മുല്ലന്‍പുർ∙ ഐപിഎല്ലിലെ കിരീടമോഹങ്ങൾക്കു വിജയത്തുടക്കത്തിന്റെ മാറ്റേകി പഞ്ചാബ് കിങ്സ്. ആതിഥേയരായ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനെതിരെ നാലു വിക്കറ്റുകൾക്കു വിജയിച്ചു. ഡൽഹി ഉയർത്തിയ 175 റൺസ് വിജയ ലക്ഷ്യത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നാലു പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് എത്തി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലിഷ് ഓൾ റൗണ്ടർ സാം കറൻ പഞ്ചാബിനായി അർധ സെഞ്ചറി നേടി. 47 പന്തുകൾ നേരിട്ട കറൻ 63 റൺസെടുത്തു പുറത്തായി. ഒരു സിക്സും ആറു ഫോറുകളും താരം നേടി. 21 പന്തിൽ 38 റൺസെടുത്ത ലിയാം ലിവിങ്സ്റ്റനും പഞ്ചാബിനായി തിളങ്ങി. വിജയം തേടിയിറങ്ങിയ പഞ്ചാബ് നിരയിൽ ആദ്യം മടങ്ങിയത് ക്യാപ്റ്റൻ ശിഖർ ധവാനായിരുന്നു. 22 റൺസെടുത്ത ധവാൻ വെറ്ററൻ പേസർ ഇഷാന്ത് ശർമയുടെ പന്തിൽ ബോൾഡായി. 

punjab-5
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പഞ്ചാബ് താരങ്ങൾ. Photo: X@PunjabKings

സ്കോർ 42 ൽ നിൽക്കെ ജോണി ബെയർസ്റ്റോയെ (9 റൺസ്) ഇഷാന്ത് ശർമ റണ്ണൗട്ടാക്കി. സാം കറൻ അടിച്ചുതുടങ്ങിയതോടെ പഞ്ചാബ് സ്കോർ ഉയർന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പ്രഭ്സിമ്രൻ സിങ് 26 റൺസെടുത്തു പുറത്തായി. 68 പന്തുകളിൽനിന്നാണ് പഞ്ചാബ് സ്കോർ 100 തൊട്ടത്. പിന്നാലെ മധ്യനിര താരം ജിതേഷ് ശർമയെ ഡൽഹി ക്യാപ്റ്റൻ‌ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു പുറത്താക്കി. 

39 പന്തുകളിൽ സാം കറൻ അർധ സെഞ്ചറി പൂർത്തിയാക്കി. ഇംഗ്ലണ്ട് ടീമിൽ കറന്റെ സഹതാരമായ ലിയാം ലിവിങ്സ്റ്റൻ പഞ്ചാബ് ബാറ്റിങ് ലൈനപ്പിലും താരത്തിനു പിന്തുണയേകി. ഇതോടെ പഞ്ചാബ് വിജയത്തിലേക്കു കുതിച്ചു. സ്കോർ 167 ല്‍ നിൽക്കെ കറൻ പുറത്തായെങ്കിലും പഞ്ചാബിന് ജയിക്കാൻ എട്ട് റൺസ് കൂടി മതിയായിരുന്നു. തുടർ‌ച്ചയായി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ ഖലീൽ അഹമ്മദ് പഞ്ചാബിനെ സമ്മർദത്തിലാക്കാൻ ശ്രമിച്ചെങ്കിലും അവസാന ഓവറിലെ ആദ്യ പന്ത് സിക്സടിച്ച് ലിയാം ലിവിങ്സ്റ്റൻ കളി ജയിപ്പിച്ചു.

sam-curran
സാം കറന്റെ ബാറ്റിങ്. Photo: X@PunjabKings

റിയൽ ഇംപാക്ട് അഭിഷേക്, ഡൽഹി 9ന് 174

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. പത്ത് പന്തുകൾ മാത്രം നേരിട്ട അഭിഷേക് പൊറൽ 32 റണ്‍സെടുത്തു പുറത്താകാതെനിന്നു. 25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ. കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തിൽ അവസാന ഓവറിൽ അഭിഷേക് പൊറൽ അടിച്ചെടുത്തത് 25 റൺസ്. ഡേവിഡ് വാർണര്‍ (21 പന്തിൽ 29), മിച്ചൽ മാർഷ് (12 പന്തിൽ 20), ഷായ് ഹോപ് (25 പന്തിൽ 33), ക്യാപ്റ്റൻ ഋഷഭ് പന്ത് (13 പന്തിൽ 18), അക്ഷര്‍ പട്ടേൽ (13 പന്തിൽ 21) എന്നവരാണു ഡൽഹിയുടെ മറ്റു പ്രധാന സ്കോറർമാർ. 

മികച്ച തുടക്കം ലഭിച്ച ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴുന്നത് നാലാം ഓവറിലാണ്. സ്കോർ 39 ൽ നിൽക്കെ മിച്ചൽ മാർഷിനെ അർഷ്ദീപ് സിങ് പുറത്താക്കി. ഹർഷൽ പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ക്യാച്ചെടുത്താണ് വാർണറുടെ മടക്കം. ഷായ് ഹോപ് തകർത്തടിച്ചെങ്കിലും അധികനേരം ക്രീസിൽ തുടരാനായില്ല. 11–ാം ഓവറിൽ കഗിസോ റബാദയുടെ പന്തിൽ താരം പുറത്തായി.

അഭിഷേക് പൊറൽ ബാറ്റിങ്ങിനിടെ. Photo: SajjadHussain/AFP
അഭിഷേക് പൊറൽ ബാറ്റിങ്ങിനിടെ. Photo: SajjadHussain/AFP

ക്യാപ്റ്റൻ ഋഷഭ് പന്ത് മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ തിളങ്ങാനാകാതെ പുറത്തായി. ഹർഷൽ പട്ടേലിന്റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച താരത്തിനു പിഴയ്ക്കുകയായിരുന്നു. പന്തു പിടിച്ചെടുത്തത് ജോണി ബെയർസ്റ്റോ. തൊട്ടുപിന്നാലെ റിക്കി ഭുയിയും മടങ്ങി. ദീപക് ചാഹറിന്റെ പന്തിലായിരുന്നു ട്രിസ്റ്റൻ സ്റ്റബ്സിന്റെ പുറത്താകൽ. അക്ഷർ പട്ടേൽ വാലറ്റത്ത് പ്രതിരോധിച്ചുനിന്നു.

CRICKET-IND-IPL-T20-PUNJAB-DELHI

ഇംപാക്ട് പ്ലേയറായി ഇറങ്ങിയ അഭിഷേക് പൊറൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്തതോടെ ഡൽഹി മികച്ച സ്കോറിലെത്തി. രണ്ട് സിക്സും നാലു ഫോറുകളുമാണ് അവസാന പന്തുകളിൽ താരം ബൗണ്ടറി കടത്തിവിട്ടത്. ഹർഷല്‍ പട്ടേലിന്റെ അവസാന ഓവറിൽ പിറന്നത് 25 റൺസ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖർ ധവാൻ ഡല്‍ഹിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

English Summary:

IPL 2024, Delhi Capitals vs Punjab Kings Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com