ADVERTISEMENT

∙കാൽമുട്ടിലെ പരുക്ക്, 28–ാം വയസ്സിൽ തന്റെ ക്രിക്കറ്റ് കരിയറിന് അകാല വിരാമമിട്ടപ്പോൾ അശാന്ത ഡെൽ മെൽ കയ്യിലെടുത്തത് കാർഡുകളാണ്. പ്രതിസന്ധിയിൽ പതറാത്ത പോരാളിയുടെ മനസ്സോടെ, ക്രിക്കറ്റിൽ നിന്ന് ബ്രിജ് എന്ന മത്സരയിനത്തിലേക്ക് കരിയറിൽ ഒരു പാലമിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കായി ആദ്യ പന്തെറിഞ്ഞ താരമായ അശാന്ത ഇപ്പോൾ കുമരകത്തുണ്ട്. ‌എതിർബാറ്റിങ് നിരയെ ചീട്ടുകൊട്ടാരം പോലെ തകർത്തെറിഞ്ഞിരുന്ന മുൻ പേസ് ബോളർ, ഓൾ ഇന്ത്യ ഓപ്പൺ ബ്രിജ് ചാംപ്യൻഷിപ്പിന്റെ പോരാട്ടക്കളത്തിലെ മിന്നുംതാരമാണ്.  

ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ മത്സരയിനമായിട്ടും ബ്രിജ് എന്ന കായിക ഇനം ശ്രീലങ്കയിൽ നേരിടുന്ന അവഗണനയാണ് അശാന്ത ഡെൽ മെലിനെ ഇന്ത്യയിലേക്കെത്തിച്ചത്. സാമ്പത്തിക സഹായവും പരിശീലന സൗകര്യങ്ങളുമില്ലെന്ന പരിമിതികൾക്കൊപ്പം ലോകോത്തര കായിക ഇനമായ ബ്രിജിനെ ലങ്കൻ ഭരണകൂടം വെറും ചീട്ടുകളിയായാണ് കാണുന്നതെന്നാണ് അശാന്തയുട‌െ പരാതി. ബ്രിജ് ചീട്ടുകളിയാണെന്നും പണം വച്ചു കളിക്കുന്നതാണെന്നുമുള്ള തെറ്റിദ്ധാരണ മാറണം. ബ്രിജ് പൂർണമായും ബുദ്ധിയുടെ മത്സരമാണ്– അശാന്ത പറഞ്ഞു. മുൻ ഇന്ത്യൻ ബ്രിജ് ടീം ക്യാപ്റ്റൻ ആർ.കൃഷ്ണനു കീഴിലാണ് ഇപ്പോൾ ശ്രീലങ്കൻ താരത്തിന്റെ പരിശീലനം. തമിഴ്നാട് സ്വദേശിയായ കൃഷ്ണനും അശാന്തയ്ക്കൊപ്പം കുമരകത്ത് മത്സരിക്കുന്നുണ്ട്.‌

2 തവണയായി 12 വർഷക്കാലം ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സിലക്ടറായിരുന്ന അശാന്ത ഡെൽ മെൽ ലങ്കൻ ക്രിക്കറ്റ് ടീമിന്റെ പിന്നോട്ടുപോക്കിൽ വലിയ നിരാശനാണ്. രാഷ്ട്രീയ ഇടപെട‌ലാണ് ലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്കു കാരണമായതെന്നാണ് മുൻ സിലക്ട‌റു‌ടെ ആരോപണം. ശ്രീലങ്കയിൽ പ്രതിഭകൾക്കു കുറവൊട്ടുമില്ല. പക്ഷേ മികവ് തെളിയിക്കാൻ അവർക്ക് അവസരങ്ങൾ ലഭിക്കുന്നില്ല. നേട്ടങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കാനുള്ള മനസ്സ് സിലക്ടർമാരും കാട്ടുന്നില്ല. ഒരു കളിയിൽ പരാജയപ്പെട്ടാൽ താരങ്ങളെ ടീമിൽ നിന്നു പുറത്താക്കുന്ന അവസ്ഥയാണ്– അറുപത്തിനാലുകാരനായ അശാന്ത പറഞ്ഞു. 

ഗുരുതര പരുക്കുകളെ അതിജീവിച്ച്, ഒരു വർ‌ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ താരം ഋഷഭ് പന്ത് ഇന്നലെ മത്സരക്കളത്തിലേക്ക് തിരിച്ചെത്തിയ വാർത്തയറിഞ്ഞപ്പോൾ അശാന്തയുടെ മനസ്സിലെത്തിയത് 1988ൽ തന്റെ കരിയർ‌ അവസാനിപ്പിച്ച പരുക്കിന്റെ ഓർമകളാണ്. ഏകദിനത്തിലും ടെസ്റ്റിലും 59 വിക്കറ്റുകൾ വീതം നേടി തിളങ്ങി നിൽക്കുമ്പോഴാണ് കാൽമുട്ടിനു പരുക്കേൽക്കുന്നത്. 

ചികിത്സയ്ക്കുള്ള കാലതാമസവും ലങ്കൻ ബോർഡിന്റെ പരിമിതികളും അശാന്തയുടെ മടങ്ങിവരവിന് വിലക്കിട്ടു. പക്ഷേ ആ നഷ്ടം ബ്രിജിലേക്കുള്ള വഴിയും തുറന്നു. 

English Summary:

Former Sri Lankan pace bowler Ashantha de Mel in Kumarakom for competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com