ഇതെങ്ങനെ ശരിയാകും, രാജസ്ഥാൻ അഞ്ച് വിദേശ താരങ്ങളെ ഇറക്കിയോ? പ്രതിഷേധിച്ച് ഡൽഹി
Mail This Article
ജയ്പൂർ∙ രാജസ്ഥാൻ റോയല്‍സ് വിദേശ താരത്തെ സബ്സ്റ്റിറ്റ്യൂട്ടായി കളിക്കാൻ ഇറക്കിയതിൽ പ്രതിഷേധവുമായി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങും ടീം ഡയറക്ടർ സൗരവ് ഗാംഗുലിയും. ജയ്പൂർ സവായ് മാന്‍ സിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് പോണ്ടിങ്ങും ഗാംഗുലിയും അംപയറോടു ചൂടായത്. ഫീല്‍ഡറായി വെസ്റ്റിൻഡീസ് താരം റോവ്മൻ പവലിനെ രാജസ്ഥാൻ ഇറക്കിയതോടെയായിരുന്നു പ്രതിഷേധം.
മൂന്നു വിദേശ താരങ്ങളെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് രാജസ്ഥാൻ റോയൽസ് കളിക്കാൻ ഇറങ്ങിയത്. ജോസ് ബട്‍ലർ, ഷിമ്രോൺ ഹെറ്റ്മിയർ, ട്രെന്റ് ബോൾട്ട് എന്നിവരായിരുന്നു രാജസ്ഥാന്റെ വിദേശ താരങ്ങൾ. ഹെറ്റ്മിയറെ പിന്‍വലിച്ച് പേസര്‍ നാന്ദ്രെ ബർഗറെ ഇംപാക്ട് പ്ലേയറായും ഇറക്കി. അതിനു പുറമേ പവലിനെ ഫീൽഡ് ചെയ്യിച്ച് രാജസ്ഥാൻ അഞ്ചു വിദേശ താരങ്ങളെ കളിപ്പിച്ചു എന്നായിരുന്നു റിക്കി പോണ്ടിങ്ങിന്റെ പരാതി. നാലു വിദേശ താരങ്ങളെ ടീമിൽ ഉപയോഗിക്കാന്‍ മാത്രമാണ് ഐപിഎല്ലിൽ അനുമതിയുള്ളത്.
ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന ഡൽഹി താരങ്ങളും പരിശീലകരും മത്സരത്തിനിടെ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ഒരേ സമയം രാജസ്ഥാൻ നാലു വിദേശ താരങ്ങളെ മാത്രമാണ് ഉപയോഗിച്ചത്. ബർഗറെ ഇറക്കിയത് ഹെറ്റ്മിയറിനു പകരമാണെന്നതിനാൽ ടീമിന് നാലാമതൊരു വിദേശ താരത്തെ ഫീൽഡറായി ഇറക്കാമായിരുന്നു. രാജസ്ഥാൻ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും വ്യക്തമാണ്.
ഡൽഹി ക്യാപിറ്റൽസിനെതിരെ 12 റൺസ് വിജയമാണു രാജസ്ഥാൻ റോയൽസ് നേടിയത്. 186 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. രണ്ടാം വിജയവുമായി പോയിന്റു പട്ടികയില്‍ രണ്ടാം സ്ഥാനത്താണു രാജസ്ഥാൻ. രണ്ടു കളികളും തോറ്റ ഡൽഹി എട്ടാമതാണ്.