ADVERTISEMENT

കൊൽക്കത്ത∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീർ. എല്ലാം നേടിയെന്നാണ് ആർസിബി ടീമിന്റെ ഭാവമെന്ന് ഗൗതം ഗംഭീർ വ്യക്തമാക്കി. ‘‘ഐപിഎല്ലിൽ എപ്പോഴും തോൽപിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ടീം ഏതാണെന്നു ചോദിച്ചാല്‍ നിസ്സംശയം ഞാൻ പറയും, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആണെന്ന്.’’

‘‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും മികച്ച വിജയങ്ങളെല്ലാം റോയൽ ചാലഞ്ചേഴ്സ്ബെംഗളൂരുവിനെതിരെയായിരുന്നു. ഇതുവരെ ഒരു കപ്പു പോലും ഇല്ലെങ്കിലും എല്ലാം നേടിയെന്നാണ് അവരുടെ ഭാവം. ക്രിസ് ഗെയ്ൽ, വിരാട് കോലി, എബി ഡിവില്ലിയേഴ്സ് എന്നീ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും ഐപിഎല്ലിൽ അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.’’– ഗൗതം ഗംഭീർ പ്രതികരിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത ടീമിനൊപ്പം എത്തിയ ഗംഭീർ, വിരാട് കോലിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ചത് വലിയ വാർത്തയായിരുന്നു. സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ ഇരുവരും കെട്ടിപ്പിടിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഈ നിമിഷത്തിന് ഫെയർ പ്ലേ അവാർഡ് പോര, ഓസ്കാർ നൽകേണ്ടിവരുമെന്നായിരുന്നു മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറിന്റെ പ്രതികരണം.

കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സ്– ആര്‍സിബി മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് കോലിയും ഗംഭീറും തർക്കിച്ചതു വൻ വിവാദമായിരുന്നു. മത്സരത്തിനിടയിലെ തർക്കം കളിക്കു ശേഷം രൂക്ഷമാകുകയായിരുന്നു. ലക്നൗ താരം നവീൻ ഉൾ ഹഖിനെ കോലി അപമാനിച്ചെന്നായിരുന്നു ഗംഭീറിന്റെ ആരോപണം. നവീനും കോലിയും തമ്മിലുള്ള തർക്കത്തിൽ ഗംഭീറും ഇടപെട്ടതോടെ പ്രശ്നം കൂടുതൽ വഷളാകുകയായിരുന്നു.

മത്സരത്തിൽ ബെംഗളൂരു ഉയർത്തിയ 183 എന്ന വിജയലക്ഷ്യം കൊൽക്കത്ത 16.5 ഓവറിൽ ഏഴു വിക്കറ്റ് ശേഷിക്കേ മറികടന്നു. അർധ സെഞ്ചറി നേടിയ വെങ്കിടേഷ് അയ്യരുടെയും( 30 പന്തിൽ 50) സുനിൽ നരെയ്ന്റെയും(22 പന്തിൽ 47) പ്രകടനമാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. 59 പന്തിൽ 83 റൺസെടുത്ത കോലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ.

English Summary:

RCB not won anything, still thought they won everything: Gautam Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com