എന്നും ഞങ്ങളുടെ ഹീറോ...
Mail This Article
രഞ്ജി ട്രോഫി ക്രിക്കറ്റ് മൈതാനത്തു കേരളത്തിനു വേണ്ടി 1000 റൺസും 100 വിക്കറ്റും ആദ്യമായി നേടിയ ഓൾറൗണ്ടറായിരുന്നു പി.രവിയച്ചൻ എന്ന നായകൻ. വ്യക്തിജീവിതത്തിലും അദ്ദേഹമൊരു ഓൾറൗണ്ടറായിരുന്നു. നിയമബിരുദധാരിയായ അദ്ദേഹം ഹരം കണ്ടെത്തിയതു മൈതാനത്താണെങ്കിലും അധ്യാപനം സേവനം പോലെ സ്വീകരിച്ചിരുന്നു.
സ്വന്തം വീട്ടിൽ സാധാരണക്കാരായ മലയാളികളെ ഇംഗ്ലിഷ് പഠിപ്പിക്കാൻ അദ്ദേഹം ഏറെക്കാലം ക്ലാസുകൾ നടത്തി.
മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന രവിയച്ചന്റെ സംഘാടനപാടവവും നമ്മളെ അദ്ദേഹത്തിന്റെ ആരാധകരാക്കും.
എന്നെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചതു പിതാവായ കേളപ്പൻ തമ്പുരാനാണെങ്കിലും കളിക്കളത്തിൽ ഞങ്ങളുടെയെല്ലാം ഹീറോ അമ്മയുടെ ജേഷ്ഠസഹോദരനായ രവിയച്ചൻ മാമനായിരുന്നു. 41–ാം വയസ്സിലാണു രവിയച്ചൻ അവസാന രഞ്ജി മത്സരം കളിച്ചത്. ആ കളിയിൽ അദ്ദേഹം കരിയറിലെ മികച്ച വ്യക്തിഗത സ്കോറായ 70 റൺസ് നേടി.
1960ൽ ഗുണ്ടൂരിൽ ആന്ധ്രയ്ക്കെതിരെ 34 റൺസിന് 6 വിക്കറ്റ് നേടിയതായിരുന്നു മികച്ച ബോളിങ് പ്രകടനം. നീണ്ട 17 വർഷം കേരളത്തിനു വേണ്ടി അദ്ദേഹം രഞ്ജി ട്രോഫി കളിച്ചു.
കളിയെ കുറിച്ചു പുതിയ തലമുറയ്ക്കു പറഞ്ഞു തരാനും അദ്ദേഹത്തിനു വലിയ ആവേശമായിരുന്നു. ക്രിക്കറ്റ് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ആവേശം കഥകളിയിലായിരുന്നു. തൃപ്പൂണിത്തുറയിൽ കഥകളി കാണാനും പഠിക്കാനുമെത്തുന്ന വിദേശികൾ അദ്ദേഹത്തിന്റെ ഭാഷാസഹായത്തോടെയാണു കഥകളിയെ തൊട്ടറിഞ്ഞത്. രണ്ടു കളികളിലും അദ്ദേഹത്തിനുണ്ടായിരുന്ന ആഴത്തിലുള്ള അറിവു വിദേശികളെ അദ്ഭുതപ്പെടുത്തുമായിരുന്നു.
ഐക്യകേരള രൂപീകരണത്തിനു മുൻപു തിരു–കൊച്ചി ടീമിനു വേണ്ടിയും അദ്ദേഹം കളിച്ചു. ലോകത്തെതന്നെ ആദ്യ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടൂർണമെന്റായ പൂജാ ക്രിക്കറ്റിന്റെ പ്രധാന സംഘാടകരിലൊരാളായ അദ്ദേഹം തൃപ്പൂണിത്തുറ കഥകളി ക്ലബ്ബിനു വേണ്ടിയും സംഗീതസഭയ്ക്കു വേണ്ടിയും അതേ സംഘാടന പാടവം പ്രദർശിപ്പിച്ചു.
1952 മുതൽ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി മത്സരങ്ങൾ കളിച്ച് 1107 റൺസും 125 വിക്കറ്റും നേടി റിട്ടയർ ചെയ്ത അദ്ദേഹം 50 വയസ്സുവരെ ക്ലബ് ക്രിക്കറ്റിൽ തുടർന്നതിനാൽ അദ്ദേഹത്തിനൊപ്പം കളിക്കാനും എനിക്ക് അവസരം ലഭിച്ചു. അന്നും കളിക്കളത്തിലെ അദ്ദേഹത്തിന്റെ കായികക്ഷമത നമ്മളെ അദ്ഭുതപ്പെടുത്തുമായിരുന്നു.