ADVERTISEMENT

ബെംഗളൂരു∙ ആദ്യം ഡി കോക്കിന്റെയും പുരാന്റെയും ബാറ്റിങ്ങ് വെടിക്കെട്ട്, പിന്നാലെ മയങ്ക് യാദവിന്റെ മയമില്ലാത്ത ബോളിങ്... ബാറ്റിങ്ങിലും ബോളിങ്ങിലും ലക്നൗ സൂപ്പറായപ്പോൾ ചിന്നസാമി സ്റ്റേഡിയത്തിൽ തകർന്നുവീണ് ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്. തുടർച്ചയായ രണ്ടാം മത്സരത്തിലും മൂന്നു വിക്കറ്റുകളുമായി മയങ്ക് യാദവ് കസറിയപ്പോൾ ലക്നൗവിന് 28 റണ്‍സിന്റെ മിന്നും ജയം. 182 എന്ന സ്കോർ പിന്തുടർന്ന് ഇറങ്ങിയ ബെംഗളൂരുവിന്റെ പോരാട്ടം 19.4 ഓവറിൽ പത്തു വിക്കറ്റ് നഷ്ടത്തിൽ 153ൽ അവസാനിച്ചു. സ്കോർ: ലക്നൗ– 181/5, ബെംഗളൂരു– 153.

182 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബെംഗളൂരുവിന് ഓപ്പൺമാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ സ്കോർ 40ൽ നിൽക്കെ നാലാം ഓവറിലെ സിദ്ധാർഥ് എറിഞ്ഞ പന്ത് കൈക്കുള്ളിലാക്കി ദേവ്‍ദത്ത് പടിക്കൽ കോലി (16 പന്തിൽ 22)യെ തിരികെ അയച്ചു. പിന്നീട് ചിന്നസാമി സ്റ്റേഡിയം കണ്ടത് ബെംഗളൂരുവിന്റെ കൂട്ട തകർച്ചയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഡുപ്ലെസി (13 പന്തിൽ 19) റൺ ഔട്ട്. പിന്നാലെ ഗ്ലെൻ മാക്സ്‍വെലിനെ റണ്ണൊന്നുമെടുക്കാതെ പറഞ്ഞയച്ച മയങ്ക്, സ്കോർ 58ൽ നിൽക്കെ കാമറോൺ ഗ്രീനി(9 പന്തിൽ 9)നേയും രണ്ടക്കം കടക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു. ഇതോടെ 58–4 എന്ന നിലയിൽ ബംഗളൂരു തകർന്നു.

വിക്കറ്റ് കീപ്പർ അനുജ് റാവത്തിനെ കൂട്ടുപിടിച്ച് രജത് പട്ടീദാർ ബെംഗളൂരുവിനെ കരകയറ്റാൻ ശ്രമം നടത്തിയെങ്കിലും സ്കോർ 94ൽ നിൽക്കെ സ്റ്റോണിസ് എറിഞ്ഞ പന്ത് പടിക്കൽ ക്യാച്ച് എടുത്ത് അനുജും മടങ്ങി. മയങ്കിന്റെ പന്തിൽ രജതിനെ(21 പന്തിൽ 29)യും പടിക്കൽ തന്നെ പറഞ്ഞുവിട്ടതോടെ ബംഗളൂരുവിന്റെ നില വീണ്ടും പരുങ്ങലിലായി. 103–6 എന്ന നിലയിലായ ബെംഗളൂരുവിനെ കൈപിടിച്ച് ഉയർത്താൻ മഹിപാൽ ലോംറോർ ശ്രമം നടത്തിയെങ്കിലും മികച്ച പിന്തുണ കിട്ടാതെ വന്നതോടെ അതും ഫലം കണ്ടില്ല. ദിനേശ് കാർത്തിക് (8 പന്തിൽ 4), മായങ്ക് ദഗർ (1 പന്തിൽ 0), എന്നിവർ തൊട്ടടുത്ത പന്തുകളിൽ പുറത്തായി. പതിനേഴാം ഓവറിലെ അവസാന പന്തിൽ ലോറോറും( 13 പന്തിൽ 33) പുറത്തായപ്പോൾ സ്കോർ 138–9. 19.4 ഓവറിൽ നവീൻ ഉൾ–ഹക്കിന്റെ പന്തിൽ പുരാൻ ക്യാച്ചെടുത്ത് മുഹമ്മദ് സിറാജ് പുറത്തായതോടെ ലക്നൗവിന് തുടർച്ചയായ രണ്ടാം ജയവും ബെംഗളൂരുവിന് മൂന്നാം തോൽവിയും. പുറത്താകാതെ നിന്ന ടോപ്‍ലീയും മുഹമ്മദ് സിറാജും( 8 പന്തിൽ 12) അവസാന വിക്കറ്റിൽ 15 റൺസ് നേടി. 

കസറി ഡി കോക്ക്, പുരാൻ

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചറിയുമായി ഓപ്പണർ ക്വിന്റൻ ഡി കോക്ക് കളംനിറഞ്ഞപ്പോൾ ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. 56 പന്തിൽ എട്ടു ഫോറുകളുടെയും അഞ്ച് സിക്സറുകളുടെയും അകമ്പടിയോടെ 81 റൺസ് നേടിയ ഡി കോക്കും അവസാന ഓവറുകളിൽ തകർത്തടിച്ച നിക്കോളാസ് പൂരാനുമാണ് ലക്നൗവിന് രക്ഷയായത്. ബെംഗളൂരൂവിനായ് ഗ്ലെൻ മാക്സ്‍വെൽ രണ്ടു വിക്കറ്റും ടോപ്‍ലേ, യാഷ് ദയാൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ലക്നൗവിന് ഡി കോക്കും ക്യാപ്റ്റൻ സ്ഥാനത്തേത്ത് തിരികെയെത്തിയ കെ.എൽ.രാഹുലും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്തു. 20 റൺസെടുത്ത രാഹുൽ മാക്സ്‍വെലിന്റെ പന്തിൽ മായങ്ക് ദഗാറിന് ക്യാച്ച് നൽകി മടങ്ങിയതോടെ ക്രീസിലെത്തിയത് ദേവദത്ത് പടിക്കൽ. കാര്യമായ സംഭാവനകൾ നൽകാതെ പടിക്കലും (11 പന്തിൽ 6) പടികൾ കയറിയതോടെ ഡി കോക്ക് തന്നെ പോരാട്ടം ഏറ്റെടുത്തു.

ഡി കോക്കിന് പിന്തുണ നൽകി ക്രീസിൽ കാലുറപ്പിക്കാൻ തുടങ്ങിയ മാർകസ് സ്റ്റോയ്ന്‍സിനെ(15 പന്തിൽ 24) മാക്‌സ്‍വെലും മായങ്കും ചേർന്നു തന്നെ പറഞ്ഞയച്ചു. ഒരുവശത്ത് തകർത്ത് ബാറ്റുവീശിയ ഡി കോക്ക് ഒരുവേള സെഞ്ചറി നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും ടോപ്‍ലേ എറിഞ്ഞ 16 ാം ഓവറിലെ നാലാം പന്ത് മായങ്കിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പൂരൻ അഞ്ച് സിക്സുകളുമായി തകർത്തടിച്ചതോടെ ലക്നൗവിന്റെ സ്കോർ 180 കടന്നു. പൂരാൻ പുറത്താകാതെ 21 പന്തിൽ 40 റൺസെടുത്തു. മൂന്നു പന്തുകൾ നേരിട്ട ആയുഷ് ബദോനി റൺസൊന്നും എടുക്കാതെ മടങ്ങി.

English Summary:

IPL 2024, Royal Challengers Bengaluru vs Lucknow Super Giants Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com