ഹാർദിക് പാണ്ഡ്യയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണം; ഗ്രൗണ്ടിൽവച്ച് രോഹിത് ശർമയുടെ ‘ആവശ്യം’
Mail This Article
മുംബൈ∙ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കൂവുന്ന ആരാധകരെ നിയന്ത്രിക്കാൻ ശ്രമിച്ച് രോഹിത് ശർമ. മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യയ്ക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെ നിർത്താൻ വേണ്ടി രോഹിത് ശർമ കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു രോഹിത് ശർമ ആരാധകരോടു ചാന്റുകൾ നിർത്താൻ ആവശ്യപ്പെട്ടത്. ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വാങ്കഡെ സ്റ്റേഡിയത്തിൽ ഉയർന്നത്.
മുംബൈ ഇന്ത്യൻസിന്റെ പ്രകടനം മോശമായതോടെ പാണ്ഡ്യയ്ക്കെതിരെ ആരാധകർ ഗാലറിയിൽനിന്നു കൂവുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈറലാണ്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 125 റണ്‍സെടുക്കാൻ മാത്രമാണു മുംബൈയ്ക്കു സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ രാജസ്ഥാന്‍ റോയൽസ് വിജയത്തിലെത്തി.
മത്സരത്തിൽ ഹാർദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. 21 പന്തുകൾ നേരിട്ട പാണ്ഡ്യ 34 റൺസെടുത്ത് മുംബൈയുടെ ടോപ് സ്കോററായി. 29 പന്തിൽ 32 റൺസെടുത്ത് തിലക് വർമയും മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ സഞ്ജു സാംസൺ തകർപ്പനൊരു ക്യാച്ചെടുത്താണ് രോഹിത്തിനെ മടക്കിയത്. നമൻ ഥിർ, ഡെവാൾഡ് ബ്രെവിസ് എന്നീ മുംബൈ താരങ്ങളും പൂജ്യത്തിനു പുറത്തായി. 20 റൺസിന് നാലു വിക്കറ്റുകൾ പോയ മുംബൈയ്ക്ക് മത്സരത്തിൽ തിരിച്ചുവരാന്‍ പിന്നീടു സാധിച്ചില്ല.