ADVERTISEMENT

‘പ്രിയപ്പെട്ട ഛോട്ടു ഭയ്യാ, എല്ലാറ്റിനും നന്ദി. 20 വർഷം നീണ്ട സൗഹൃദം ഇപ്പോഴും ശക്തമായി തുടരുന്നു. എനിക്ക് ആദ്യ സ്പോൺസർഷിപ് ലഭിക്കാൻ നിങ്ങൾ എത്ര കഠിനാധ്വാനം ചെയ്തുവെന്നത് ഞാൻ ഇപ്പോഴും ഓർമിക്കുന്നു. ബൈക്ക് യാത്രകൾ, കടയിൽ ചെലവഴിച്ച നിമിഷങ്ങൾ എല്ലാം ഓർക്കുന്നു. അതെല്ലാം എക്കാലവും ഞാൻ മിസ് ചെയ്യും. വീണ്ടും നന്ദി, ആശംസകളോടെ മഹി..’

റാഞ്ചി മഹാത്മാ റോഡിലെ സുജാതാ ചൗക്കിൽ പ്രൈം സ്പോർട്സ് എന്ന ഒറ്റമുറിക്കടയിൽ ചില്ലലമാരയിൽ സൂക്ഷിച്ചിട്ടുള്ള ബാറ്റുകളിലൊന്നിൽ ഈ കുറിപ്പു കാണാം. ആ കുറിപ്പും അതിലെ കയ്യൊപ്പും മഹേന്ദ്രസിങ് ധോണിയുടേതാണ്. 20 വർഷമായി ധോണി ചങ്കിൽ കൊണ്ടുനടക്കുന്ന ഉറ്റസുഹൃത്ത് ‘ഛോട്ടു’ എന്ന പരംജിത് സിങ്ങിന്റേതാണ് ഈ കട. ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ പ്രൈം സ്പോർട്സ് എന്ന സ്റ്റിക്കർ പതിച്ച ബാറ്റുമായി കളിക്കുന്ന ധോണിയുടെ ദൃശ്യം അടുത്തിടെ തരംഗമായിരുന്നു. ‘ധോണിയുടെ ഏതോ ബാല്യകാല സുഹൃത്തിന്റെ ഒരു ലോക്കൽ കട’യുടെ പേരാണതെന്ന് ആഡം ഗിൽക്രിസ്റ്റ് കണ്ടെത്തുകയും ചെയ്തതോടെ ചർച്ചകൾ പവലിയൻ കടന്നു പറന്നു.

റാഞ്ചിയിൽ ധോണിയുടെ വീട്ടിൽനിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ പ്രൈം സ്പോർട്സ് എന്ന കട തിരക്കിപ്പിടിച്ചെത്തുമ്പോൾ അവിടെ പരംജിത് സിങ്ങും ഒരു സഹായിയും മാത്രം. വിൽക്കാൻ വച്ചിരിക്കുന്ന കായികോപകരണങ്ങളിൽ നിന്നൽപം മാറ്റി ഏതാനും ബാറ്റുകൾ പ്രദർശനത്തിന് എന്ന പോലെ വച്ചിട്ടുണ്ട്. അതിലൊന്നാണു ധോണിയുടെ കുറിപ്പുള്ള ബാറ്റ്. മറ്റു ബാറ്റുകളുടെ വിശേഷം ചോദിച്ചപ്പോൾ മിതഭാഷിയായ പരംജിത് പറഞ്ഞു: ‘ഇന്ത്യൻ ടീമിലെ എല്ലാവരും ഒന്നിച്ചൊപ്പിട്ട ബാറ്റാണ് ഇതിലൊന്ന്. ഞാൻ ആവശ്യപ്പെടാതെ എംഎസ് എനിക്കു സമ്മാനിച്ചതാണത്.’

ആവശ്യപ്പെടാതെ തന്നെ അമൂല്യ സമ്മാനങ്ങൾ നൽകാൻ മാത്രം ഇരുവരും തമ്മിലുള്ള അടുപ്പം എന്തെന്നന്വേഷിച്ചാൽ വന്നവഴി മറക്കാത്ത ധോണിയിലേക്കുള്ള വഴി തെളിയും. നന്നായി ക്രിക്കറ്റ് കളിച്ചിരുന്ന പരംജിത് സിങ് കളിക്കളത്തിലൂടെയാണു ധോണിയുമായി അടുക്കുന്നത്. 1993ൽ ആയിരുന്നു കണ്ടുമുട്ടൽ. അന്ന് എങ്ങനെയായിരുന്നോ ഇന്നും അങ്ങനെ തന്നെയാണ് മഹി എന്നു പരംജിത്തിന്റെ വാക്കുകൾ. ധോണിയുടെ കളിമികവു നന്നായി മനസ്സിലാക്കിയ പരംജിത്, കൂട്ടുകാരന്റെ ഉയർച്ചയ്ക്കായി ഒപ്പം നിന്നു. കായിക ഉപകരണങ്ങൾ വിൽക്കുന്ന ഒരു കട പരംജിത് ആരംഭിച്ചപ്പോൾ ധോണി ആ കടയുടെ പേരു പതിച്ച സ്റ്റിക്കറുമായി ലോക്കൽ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി.എന്നാൽ, രഞ്ജി ട്രോഫിയിലേക്ക് എത്തിപ്പെടാൻ തുടങ്ങുന്ന ഘട്ടത്തിൽ ധോണിക്കൊരു സ്പോൺസർ ആവശ്യമായിവന്നു. 6 മാസത്തോളം ജലന്ധറിലേക്കു നിരന്തരം യാത്ര ചെയ്ത് ഒരു പ്രമുഖ കമ്പനിയുടെ സ്പോൺസർഷിപ് ധോണിക്കു നേടിക്കൊടുത്തതു പരംജിത് ആണ്. ‘എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന പേരിൽ ധോണിയുടെ ജീവിതകഥ സിനിമയായപ്പോൾ പരംജിത്തിന്റെ കഥയും സിനിമയിൽ ഉൾപ്പെട്ടു.

ധോണി കയ്യൊപ്പിട്ടു നൽകിയ ബാറ്റ്.
ധോണി കയ്യൊപ്പിട്ടു നൽകിയ ബാറ്റ്.

ധോണി ഇന്ത്യൻ ക്യാപ്റ്റനായപ്പോൾ പോലും പരംജിത് സൗഹൃദത്തിന്റെ പേരിൽ ഒരുതരത്തിലുള്ള മുതലെടുപ്പിനും പോയില്ല. സ്റ്റേഡിയത്തിൽ പോയി കളികൾ നേരിട്ടു കാണാൻ ധോണി തന്നെ പലവട്ടം ക്ഷണിച്ചപ്പോഴും ഒരിക്കൽപോലും പരംജിത് പോയിട്ടില്ല. നേരിൽ കാണുമ്പോഴൊന്നും വലിയ കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യാറില്ല. ക്രിക്കറ്റിനെപ്പറ്റി സംസാരിക്കുന്നതു തന്നെ അപൂർവം. ഒന്നിച്ചു ബൈക്കിൽ കറങ്ങിയ കാലത്തും ചായ കുടിച്ചു നടന്നപ്പോഴുമൊക്കെ പങ്കുവച്ച തമാശകളും കൊച്ചുവർത്തമാനവും തന്നെ ഇപ്പോഴും തുടരുന്നുവെന്നു പരംജിത് പറയും.

English Summary:

MS Dhoni's connection with Paramjith Singh and Prime Sports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com