രോഹിത് ശർമ ഇനി പിന്നിൽനിന്നു നയിക്കും: ക്യാപ്റ്റൻസിയുടെ അധികഭാരമുണ്ടാകില്ലെന്നു ശ്രീശാന്ത്

Mail This Article
മുംബൈ∙ ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ കളിക്കാൻ സാധിക്കുന്നത് രോഹിത് ശർമ ആസ്വദിക്കുന്നുണ്ടാകുമെന്ന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. രോഹിത് ശര്‍മയ്ക്ക് ഈ സീസണിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നേടാൻ സാധിക്കുമെന്നും ശ്രീശാന്ത് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘‘ക്രിക്കറ്റിന്റെ ദൈവം സച്ചിൻ തെൻഡുൽക്കർ മഹേന്ദ്ര സിങ് ധോണിക്കു കീഴിൽ കളിക്കുന്നതു നമ്മൾ കണ്ടിട്ടുള്ളതാണ്. നമ്മൾ ലോകകപ്പും വിജയിച്ചു. രോഹിത് ശർമ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ കളിക്കുന്നതിനെക്കുറിച്ച് ഒരുപാടു കഥകൾ ഞാന്‍ കേൾക്കുന്നുണ്ട്. പക്ഷേ സ്വതന്ത്രമായി കളിക്കാമെന്നതിനാൽ രോഹിത് ശർമയ്ക്ക് അത് ഇഷ്ടമാകും.’’– ശ്രീശാന്ത് പറഞ്ഞു.
‘‘എനിക്ക് അറിയുന്ന രോഹിത് ശർമ, ക്യാപ്റ്റൻസിയുടെ അധിക ഭാരമില്ലാതെ ബാറ്റ് ചെയ്യാനേ ശ്രമിക്കുകയുള്ളൂ. ചിലപ്പോൾ ഈ സീസണിലെ ഓറഞ്ച് ക്യാപ് വരെ ലഭിച്ചേക്കാം. എന്തായാലും രോഹിത് ശർമയ്ക്ക് ഇതൊരു മികച്ച സീസണായിരിക്കും. രോഹിത് മുംബൈ ഇന്ത്യൻസിനെ മുന്നില്‍നിന്നു നയിച്ചു. ഇനി പിന്നിൽനിന്നു രോഹിത് ശർമ തന്നെ നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു മാറ്റം വന്നാൽ അതിനെ അംഗീകരിക്കുകയാണു വേണ്ടത്.’’
‘‘ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ടാകും. പക്ഷേ അദ്ദേഹം അതിൽനിന്നു പുറത്തുവരും. രോഹിത് ഈ സീസണിൽ വലിയ സ്കോറുകൾ കണ്ടെത്തും.’’– ശ്രീശാന്ത് വ്യക്തമാക്കി. ഐപിഎൽ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യയ്ക്കു കീഴിലാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസിൽ കളിക്കുന്നത്. പാണ്ഡ്യ രോഹിത്തിനോടു ബഹുമാനമില്ലാതെയാണു പെരുമാറുന്നതെന്നാണ് ആരാധകരുടെ പരാതി.
മത്സരത്തിനിടെ രോഹിത്തിനെ പാണ്ഡ്യ ബൗണ്ടറി ലൈനിലേക്ക് ഓടിച്ചതും ആരാധകര്‍ക്കു രസിച്ചിട്ടില്ല. പുതിയ ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത ശേഷം ഹാർദിക് പാണ്ഡ്യയ്ക്ക് വൻ രോഷപ്രകടനങ്ങളാണ് ആരാധകരിൽനിന്നു നേരിടേണ്ടിവരുന്നത്. സീസണില്‍ കളിച്ച മൂന്നു മത്സരങ്ങളും മുംബൈ തോറ്റു. ഞായറാഴ്ച ഡൽഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. 2024 സീസണു ശേഷം രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്ലബ്ബ് വിടാനും സാധ്യതയുണ്ട്.