ADVERTISEMENT

മുംബൈ∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ നൽകിയ ഉപദേശങ്ങൾ‌ അവഗണിച്ചെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മത്സരത്തിനിടെ കമന്ററി ബോക്സിലിരിക്കെയാണ് രോഹിത്തിന്റെ വാക്കുകൾ കേൾക്കാൻ പാണ്ഡ്യ കൂട്ടാക്കുന്നില്ലെന്ന് കൈഫ് തുറന്നടിച്ചത്. ദിനേഷ് കാർത്തിക്കിനെതിരെ ഓഫ് സൈഡിൽ ഫീൽഡറെ ഉപയോഗിക്കാനായിരുന്നു ഇന്ത്യൻ ടീം ക്യാപ്റ്റന്റെ നിർദേശം.

പാണ്ഡ്യ ഇത് അനുസരിക്കാതെ വന്നതോടെ ദിനേഷ് കാർത്തിക്ക് ആ ഭാഗത്തേക്കു തന്നെ തുടർച്ചയായി മൂന്നു ബൗണ്ടറികളാണു പായിച്ചത്.‘‘ദിനേഷ് കാർത്തിക്ക് ആ ഭാഗത്തേക്കു കളിക്കുമെന്ന് രോഹിത് ശർമയ്ക്ക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഹാർദിക് പാണ്ഡ്യയ്ക്ക് ഉപദേശം നൽകിയത്. പക്ഷേ പാണ്ഡ്യ അതു ശ്രദ്ധിച്ചില്ല. പിന്നാലെ ദിനേഷ് കാർത്തിക്ക് അങ്ങോട്ടുതന്നെ ബൗണ്ടറികൾ പായിച്ചു.’’– മുഹമ്മദ് കൈഫ് വ്യക്തമാക്കി. മത്സരത്തിൽ 23 പന്തുകൾ നേരിട്ട ദിനേഷ് കാർത്തിക്ക് 53 റൺസാണു നേടിയത്.

197 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയ ആർസിബിയെ, 27 പന്തുകൾ ബാക്കിയാക്കി മുംബൈ ഏഴു വിക്കറ്റിന് തോൽപ്പിച്ചു. സൂര്യകുമാർ യാദവ് 19 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 52 റൺസെടുത്തു പുറത്തായി. 34 പന്തിൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 69 റൺസെടുത്ത ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. 40 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 61 റൺസെടുത്ത ഡുപ്ലേസിയാണ് ആർസിബിയുടെ ടോപ് സ്കോറർ. ആർസിബിക്കായി രജത് പാട്ടിദാറും (26 പന്തിൽ 50) അർധസെഞ്ചറി നേടി. മുംബൈയ്‍ക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് ബുമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം.

English Summary:

Hardik Pandya avoid Rohit Sharma's advice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com