ADVERTISEMENT

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണിക്ക് ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റതായി ആശങ്ക. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിനിടെ നടക്കാൻ ബുദ്ധിമുട്ടുന്ന ധോണിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ഐപിഎല്ലിന്റെ തുടക്കത്തിൽ തന്നെ ധോണി പുറത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ചെന്നൈ ആരാധകർ. മത്സര ശേഷം ഹോട്ടലിലേക്കു പോകുമ്പോഴും ധോണി മുടന്തിയാണു നടന്നതെന്ന് ആരാധകരിൽ ചിലർ വ്യക്തമാക്കി.

അടുത്ത മത്സരത്തിനു മുൻപ് ചെന്നൈ സൂപ്പർ കിങ്സിന് നാലു ദിവസത്തെ ഇടവേളയുണ്ട്. ഏപ്രിൽ 19ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അതിനു മുൻപ് ധോണി ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സംഭവത്തെക്കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുംബൈ ബാറ്റിങ്ങിനിടെ പേസർ മതീഷ പതിരാന എറിഞ്ഞ പന്ത് ധോണിയുടെ കാലിൽ ഇടിച്ചിരുന്നു‍. വേദന അനുഭവപ്പെട്ടിരുന്നെങ്കിലും മുഴുവൻ സമയവും ധോണി ഗ്രൗണ്ടിൽ തുടർന്നു.

കഴിഞ്ഞ സീസണിലെ ഫൈനലിൽ കാലിലെ പരുക്കുംവച്ചാണ് ധോണി കളിച്ചത്. ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീട നേട്ടത്തിനു ശേഷം ധോണി ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. 2024 സീസണിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ധോണി, ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ചെന്നൈയുടെ വിക്കറ്റ് കീപ്പറായി. ഋതുരാജ് ഗെയ്ക്‌വാദാണു ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നത്.

മുംബൈ ഇന്ത്യൻസിനെതിരെ നാലു പന്തുകൾ മാത്രം നേരിട്ട ധോണി 20 റൺസെടുത്തിരുന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 20–ാം ഓവറിലെ മൂന്നു പന്തുകൾ താരം സിക്സർ പറത്തിയിരുന്നു. മുംബൈയ്ക്കെതിരായ മത്സരം സിഎസ്കെ 20 റൺസിനു വിജയിച്ചു.

English Summary:

MS Dhoni injured in IPL 2024?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com