ADVERTISEMENT

മുംബൈ∙ ഐപിഎല്ലിൽ വർഷങ്ങൾക്കു ശേഷം സെഞ്ചറി നേടിയിട്ടും കാര്യമായ ആഘോഷ പ്രകടനങ്ങളില്ലാതെ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. മത്സരത്തിൽ രോഹിത് ശർമ പുറത്താകാതെനിന്നിട്ടും മുംബൈയെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. തോൽവിക്കു ശേഷം നിരാശയോടെ ഗ്രൗണ്ട് വിടുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. 37–ാം വയസ്സിലാണ് രോഹിത് ഐപിഎല്ലിലെ രണ്ടാം സെഞ്ചറി പൂർത്തിയാക്കിയത്. മത്സരത്തിന്റെ 20–ാം ഓവറിൽ ബൗണ്ടറി നേടി സെഞ്ചറി പൂർത്തിയാക്കിയപ്പോൾ, നോൺ സ്ട്രൈക്കറായിരുന്ന മുഹമ്മദ് നബിക്ക് ഷെയ്ക് ഹാൻഡ് നൽകുക മാത്രമാണ് രോഹിത് ചെയ്തത്.

61 പന്തുകളിൽനിന്നാണ് രോഹിത് സെഞ്ചറിയിലെത്തിയത്. 63 പന്തുകൾ നേരിട്ട രോഹിത് 105 റൺസെടുത്തു പുറത്താകാതെനിന്നു. 11 ഫോറുകളും അഞ്ച് സിക്സും ഹിറ്റ്മാൻ അടിച്ചുകൂട്ടി. 2024 ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിലും രോഹിത് ശർമ മുന്നോട്ടുകുതിച്ചു. 261 റൺസുമായി നാലാം സ്ഥാനത്താണ് രോഹിത് ഇപ്പോൾ. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ.

മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ മറ്റ് ബാറ്റർമാര്‍ നേടിയ സ്കോറുകളെല്ലാം ചേർത്താൽ 74 റൺസ് മാത്രമാണു വരിക. എക്സ്ട്രാസായി ലഭിച്ചത് ഏഴു റൺസും. അവസാന ഓവറിൽ മുംബൈയ്ക്കു ജയിക്കാൻ വേണ്ടത് 34 റൺസായിരുന്നു. രോഹിത് രണ്ടു ബൗണ്ടറികൾ നേടിയെങ്കിലും 13 റൺസാണ് ഈ ഓവറിൽ മുംബൈ ഇന്ത്യൻസ് എടുത്തത്. ഇതോടെ ചെന്നൈ സൂപ്പർ കിങ്സ് 20 റൺസ് വിജയം സ്വന്തമാക്കി.

സീസണില്‍ മുംബൈയുടെ നാലാം തോൽവിയാണിത്. നാലു പോയിന്റുകൾ മാത്രമുള്ള മുംബൈയ്ക്ക് പോയിന്റ് ടേബിളിൽ എട്ടാമതാണ് സ്ഥാനം. ഡൽഹി ക്യാപിറ്റല്‍സും റോയൽ‌ ചാലഞ്ചേഴ്സ് ബെംഗളൂരുവും മാത്രമാണ് പട്ടികയിൽ മുംബൈയ്ക്കു താഴെയുള്ളത്. വ്യാഴാഴ്ച പഞ്ചാബ് കിങ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന കളിയിലും തോറ്റാൽ മുംബൈയുടെ നില പരുങ്ങലിലാകും.

English Summary:

No century celebrations from Rohit Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com