ഇംഗ്ലണ്ട് സ്പിൻ ഇതിഹാസം ഡെറിക് അണ്ടർവുഡ് അന്തരിച്ചു

Mail This Article
ലണ്ടൻ ∙ ഇംഗ്ലണ്ട് ക്രിക്കറ്റിലെ സ്പിൻ ഇതിഹാസം ഡെറിക് അണ്ടർവുഡ് (78) അന്തരിച്ചു. ഇന്ത്യൻ താരം സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവർ ‘നേരിടാൻ പ്രയാസമുള്ള ബോളർ’ എന്നു വിശേഷിപ്പിച്ച അണ്ടർവുഡിന്റെ നിര്യാണം അദ്ദേഹത്തിന്റെ മുൻ ടീമായ കെന്റ് ക്രിക്കറ്റ് ക്ലബ്ബാണ് തിങ്കളാഴ്ച പുറത്തുവിട്ടത്.
ഇംഗ്ലണ്ടിനായി 86 ടെസ്റ്റുകളിൽനിന്ന് 297 വിക്കറ്റുകൾ പേരിലുള്ള അണ്ടർവുഡ് എല്ലാ ഫോർമാറ്റിലുമായി ഏറ്റവുമധികം വിക്കറ്റ് സ്വന്തമാക്കിയ ഇംഗ്ലിഷ് സ്പിന്നർ എന്ന റെക്കോർഡിന് ഉടമയാണ്. ഇംഗ്ലണ്ടിന്റെ ആകെ വിക്കറ്റ് നേട്ടക്കാരിൽ ആറാം സ്ഥാനവുമുണ്ട്. സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നറായിരുന്ന അണ്ടർവുഡിന്റെ കൃത്യതയാർന്ന ബോളിങ്ങാണ് എതിരാളികളെ കുഴക്കിയിരുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 24 വർഷം കളിച്ച അണ്ടർവുഡിന്റെ പേരിൽ 2465 വിക്കറ്റുകളുണ്ട്. വിരമിച്ചതിനു ശേഷം എംസിസി (മാർലിബൻ ക്രിക്കറ്റ് ക്ലബ്) പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ടെസ്റ്റിൽ ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കറെ 12 വട്ടം പുറത്താക്കിയ അപൂർവനേട്ടവും അണ്ടർവുഡിനുണ്ട്.