ADVERTISEMENT

ചണ്ഡീഗഡ് ∙ വിജയ സാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 9 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത് 192 റൺസ് നേടിയ മുംബൈ, ബോളിങ്ങിൽ വെറും 14 റൺസിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ പിഴുതു. മുംബൈ അനായാസ വിജയം പ്രതീക്ഷിച്ചിരിക്കെ അദ്ഭുതകരമായി തിരിച്ചടിച്ച പഞ്ചാബ് ജയത്തിന് അരികിലെത്തിയിരുന്നു.

3 വിക്കറ്റ് ശേഷിക്കെ അവസാന 4 ഓവറിൽ 28 റൺസായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ 5 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബിനെ ഓൾഔട്ടാക്കി. സ്കോർ: മുംബൈ– 20 ഓവറിൽ 7ന് 192. പഞ്ചാബ്– 19.1 ഓവറിൽ 183. 3 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സൂര്യകുമാർ യാദവ് (78) മുംബൈ ബാറ്റിങ്ങിൽ തിളങ്ങി.

193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ പ്രതീക്ഷ അവരുടെ കരുത്തുറ്റ ബാറ്റിങ് നിരയിലായിരുന്നു. എന്നാൽ 3 ഓവർ പൂർത്തിയായപ്പോഴേക്കും  4 ടോപ് ഓർഡർ ബാറ്റർ‌മാർ കൂടാരം കയറി. ജസ്പ്രീത് ബുമ്രയ്ക്കും ജെറാൾഡ് കോട്‍സെയ്ക്കും 2 വിക്കറ്റ് വീതം. തുടർന്ന് വിക്കറ്റ് വീഴ്ചയ്ക്ക് ഇടവേളയുണ്ടായെങ്കിലും 77 റൺസിൽ ആറാം വിക്കറ്റ് നഷ്ടമായി. തോൽവിയുറപ്പിച്ച ടീമിനെ അശുതോഷ് ശർമയും (28 പന്തിൽ 61) ശശാങ്ക് സിങ്ങും (25 പന്തിൽ 41) മത്സരത്തിലേക്കു തിരിച്ചെത്തിക്കുന്നതാണ് പിന്നീട് കണ്ടത്. ഒരുവശത്തെ വിക്കറ്റ് വീഴ്ചയ്ക്കിടയിലും 16 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 165 എന്ന സ്കോറിലേക്ക് പഞ്ചാബ് എത്തി.

24 പന്തിൽ ലക്ഷ്യം 28 റൺസ്. 17–ാം ഓവറിൽ 3 റൺസ് മാത്രം വഴങ്ങി ബുമ്ര പിടിമുറുക്കിയപ്പോൾ 18–ാം ഓവറിലെ ആദ്യ പന്തിൽ അശുതോഷിനെ പുറത്താക്കി കോട്‍സെ കളി തിരിച്ചു. ഒരു വിക്കറ്റ് ബാക്കിനിൽക്കെ അവസാന ഓവറിൽ 12 റൺസായിരുന്നു പഞ്ചാബിന്റെ ലക്ഷ്യം. എന്നാൽ ആദ്യ പന്തിൽ റബാദ റണ്ണൗട്ടായതോടെ അവരുടെ കഥ കഴിഞ്ഞു. നേരത്തേ 53 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പെടെ 78 റൺസ് നേടിയ സൂര്യകുമാറിന്റെ മികവിലാണ് മുംബൈ മികച്ച സ്കോറുയർത്തിയത്. രോഹിത് ശർമയും ( 36) തിലക് വർമയും (34 നോട്ടൗട്ട്) തിളങ്ങി.

English Summary:

Mumbai Indians win by 9 runs against Punjab kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com