ADVERTISEMENT

ന്യൂ‍ഡൽഹി ∙ അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 4 റൺസിന്റെ ജയം. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സായ് സുദർശനും ഡേവിഡ് മില്ലറും അർധ സെഞ്ചറി നേടിയെങ്കിലും, റാഷിദ് ഖാന് ഫിനിഷർ റോളിൽ തിളങ്ങാന്‍ പറ്റാതിരുന്നതോടെ ഗുജറാത്ത് തോൽവി വഴങ്ങുകയായിരുന്നു. സായ് സുദർശൻ 65 റൺസും മില്ലർ 55 റൺസും സ്വന്തമാക്കി. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്സ് 220ൽ അവസാനിച്ചു. ഡൽഹിക്കായി റാസിഖ് സലാം 3 വിക്കറ്റ് വീഴ്ത്തി. സ്കോർ: ഡൽഹി ക്യാപിറ്റൽസ് – 20 ഓവറിൽ 4ന് 224, ഗുജറാത്ത് ടൈറ്റൻസ് – 20 ഓവറിൽ‌ 8ന് 220.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് സ്കോർ ബോർഡിൽ 13 റൺസ് ചേർക്കുന്നതിനിടെ നായകൻ ശുഭ്മൻ ഗില്ലിനെ നഷ്ടമായി. കേവലം 6 റൺസ് മാത്രം നേടിയ താരം അക്ഷർ പട്ടേലിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. രണ്ടാം വിക്കറ്റിൽ നിലയുറപ്പിച്ചു കളിച്ച വൃദ്ധിമാൻ സാഹയും സായാ സുദർശനും ചേർന്ന് സ്കോര്‍ ബോർഡ് ചലിപ്പിച്ചു. പത്താം ഓവറിൽ കുല്‍ദീപ് യാദവിന്റെ പന്തിൽ സാഹ പുറത്താവുമ്പോൾ സ്കോർ 98ൽ എത്തിയിരുന്നു. 25 പന്തിൽ 39 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ അസ്മത്തുല്ല ഒമർ‌സായ് (1) നേരിട്ട രണ്ടാം പന്തിൽ ജേക് ഫ്രേസറിന് ക്യാച്ച് നൽകി മടങ്ങി.

തകർത്തടിച്ച സായ് സുദര്‍ശനെ 13–ാം ഓവറിൽ റാസിഖ് സലാം കൂടാരം കയറ്റി. 39 പന്തിൽ 7 ഫോറും 2 സിക്സും സഹിതം 65 റൺസാണ് താരം അടിച്ചുകൂട്ടിയത്. വമ്പൻ അടികളുമായി കളം നിറഞ്ഞ ഡേവിഡ് മില്ലർ ഗുജറാത്തിന് ജയപ്രതീക്ഷ നൽകിയെങ്കിലും മുകേഷ് കുമാർ എറിഞ്ഞ 18–ാം ഓവറിൽ പുറത്തായി. 23 പന്തിൽ 6 ഫോറും 3 സിക്സും സഹിതം 55 റൺസാണ് താരം അടിച്ചുകൂട്ടിയത്. മധ്യനിരയിൽ ഷാറുഖ് ഖാൻ (8), രാഹുൽ തെവാട്ടിയ (8) എന്നിവർ സ്കോര്‍ കണ്ടെത്താൻ വിഷമിച്ചതോടെ ടൈറ്റൻസിന്റെ പ്രതീക്ഷകൾ മങ്ങി. അവസാസ ഓവറിൽ തകർത്തടിച്ച റാഷിദ് ഖാൻ ടീമിനെ വിജയതീരത്ത് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ലക്ഷ്യത്തിലെത്തിന് 5 റൺസകലെ ഇന്നിങ്സ് അവസാനിച്ചു. 

∙ ഡൽഹി 4ന് 224 

ക്യാപ്റ്റൻ ഋഷഭ് പന്തും അക്ഷർ പട്ടേലും ഫോമിലേക്ക് ഉയർന്നതോടെയാണ് ക്യാപിറ്റൽസ്, ടൈറ്റൻസിനു മുന്നിൽ 225 റൺസിന്റെ വിജയലക്ഷ്യമുയർത്തിയത്. ഇരുവരും ക്യാപിറ്റൽസിനായി അർധ സെഞ്ചറി നേടി. അക്ഷർ പട്ടേൽ 43 പന്തിൽ 66 റൺസ് നേടിയപ്പോൾ ഋഷഭ് പന്ത് 43 പന്തിൽ 88 റൺസുമായി പുറത്താകാതെനിന്നു. ടൈറ്റൻസിനായി സന്ദീപ് വാര്യർ 3 ഓവറിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 224 റൺസ് അടിച്ചുകൂട്ടിയത്.

ഡൽഹി ക്യാപിറ്റൽസ് താരങ്ങളായ അക്ഷർ പട്ടേലും ഋഷഭ് പന്തും ബാറ്റിങ്ങിനിടെ (PTI Photo/Kamal Kishore)
ഡൽഹി ക്യാപിറ്റൽസ് താരങ്ങളായ അക്ഷർ പട്ടേലും ഋഷഭ് പന്തും ബാറ്റിങ്ങിനിടെ (PTI Photo/Kamal Kishore)

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിന് സ്കോർ ബോർഡിൽ 36 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. പൃഥ്വി ഷാ 11 റൺസും ജേക് ഫ്രേസർ 23 റൺസുമായി മടങ്ങി. ഇരുവരെയും സന്ദീപ് വാര്യർ നൂർ അഹമ്മദിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 5 റൺസ് നേടിയ ഷായ് ഹോപിനെ സന്ദീപ് തന്നെ റാഷിദ് ഖാന്റെ കൈകളിലെത്തിച്ചു. ഇതോടെ ക്യാപിറ്റൽസ് 3ന് 44 എന്ന നിലയിലായി. പിന്നീടൊന്നിച്ച അക്ഷർ പട്ടേലും ഋഷഭ് പന്തും ചേർന്ന് ഡൽഹിയെ തകർച്ചയിൽനിന്ന് രക്ഷിക്കുകയായിരുന്നു.

ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 113 റൺസിന്റെ പാർട്നർഷിപ് പടുത്തുയർത്തി. 17–ാം ഓവറിൽ അക്ഷറിനെ പുറത്താക്കി നൂർ അഹമ്മദാണ് ഈ കൂട്ടുകെട്ട് തകർത്തത്. 5 ഫോറും നാലു സിക്സും സഹിതമാണ് താരം 66 റൺസ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സും പന്തും ചേർന്ന് ടീം സ്കോർ 200 കടത്തി. 7 പന്തിൽ 3 ഫോറും 2 സിക്സും സഹിതം 26* റൺസാണ് സ്റ്റബ്സ് അടിച്ചുകൂട്ടിയത്. പന്തിന്റെ ബാറ്റിൽനിന്ന് 5 ഫോറും 8 സിക്സും പിറന്നു. മോഹിത് ശർമയെറിഞ്ഞ അവസാന ഓവറിൽ മാത്രം 31 റൺസാണ് ക്യാപിറ്റൽസ് നേടിയത്.

English Summary:

Delhi Capitals vs Gujarat Titans Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com