ADVERTISEMENT

ഹൈദരാബാദ്∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അർധ സെഞ്ചറി നേടിയിട്ടും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കർ. ടീം ആവശ്യപ്പെടുന്ന പ്രകടനമല്ല ഹൈദരാബാദിൽ കോലി പുറത്തെടുത്തതെന്നു ഗാവസ്കർ മത്സരത്തിനു ശേഷം പ്രതികരിച്ചു. മത്സരത്തിൽ ഏറെ നേരം വിരാട് കോലി ബൗണ്ടറി പോലും നേടിയില്ലെന്നും ഗാവസ്കര്‍ പ്രതികരിച്ചു.

‘‘കൃത്യമായ കണക്കുകൾ എത്രയെന്ന് എനിക്ക് ഉറപ്പില്ല. ആദ്യ പന്തു മുതൽ തന്നെ ക്രീസിലുണ്ടായിട്ടും 14–15 ഓവർ വരെ കളിച്ചിട്ടും സ്ട്രൈക്ക് റേറ്റ് 118 ആണ്. നിങ്ങളിൽനിന്ന് ടീം പ്രതീക്ഷിക്കുന്ന കാര്യം ഇതല്ല.’’– ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു. മത്സരത്തിൽ 43 പന്തുകൾ നേരിട്ട വിരാട് കോലി 51 റൺസെടുത്താണു പുറത്തായത്.

നേരിട്ട ആദ്യ 18 പന്തുകളിൽ തന്നെ 32 റൺസെടുത്ത കോലി, പിന്നീടുള്ള 19 റൺസെടുക്കാനായി 25 പന്തുകളാണു നേരിട്ടത്. ഒരു സിക്സും നാലു ഫോറുകളുമാണ് ഇന്നിങ്സിൽ കോലി ആകെ നേടിയത്. അതേസമയം 20 പന്തുകൾ മാത്രം നേരിട്ട രജത് പട്ടീദാറും ആർസിബിക്കു വേണ്ടി അർധ സെഞ്ചറി തികച്ചിരുന്നു. അഞ്ച് സിക്സുകളാണ് താരം ബൗണ്ടറി കടത്തിയത്.

ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണു നേടിയത്. മറുപടിയിൽ ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ നാലു പോയിന്റുമായി അവസാന സ്ഥാനത്താണ് ബെംഗളൂരു. എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് അഞ്ചു വിജയങ്ങളുമായി മൂന്നാം സ്ഥാനത്തുണ്ട്.

English Summary:

That's not what your team expects from you: Sunil Gavaskar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com