സൈനിക പരിശീലനവും രക്ഷിച്ചില്ല, ന്യൂസീലൻഡ് ‘ബി ടീമിനോട്’ തോറ്റ് പാക്കിസ്ഥാൻ; പൊട്ടിക്കരഞ്ഞ് ഫാൻസ്
Mail This Article
ലഹോര്‍∙ ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിലും തോൽവി വഴങ്ങി പരമ്പര നഷ്ടത്തിന് അരികെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2–1ന് ന്യൂസീലൻഡ് മുന്നിലാണ്. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന നാലാം മത്സരത്തിൽ നാലു റൺസിനാണു പാക്കിസ്ഥാൻ തോറ്റത്. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോൾ, രണ്ടാം മത്സരം പാക്കിസ്ഥാൻ വിജയിച്ചിരുന്നു. ശനിയാഴ്ച ലഹോറിൽവച്ചാണ് പരമ്പരയിലെ അവസാന മത്സരം നടക്കേണ്ടത്.
ക്യാപ്റ്റനായിരുന്ന ഷഹീൻ അഫ്രീദിയെ മാറ്റി ബാബർ അസം തന്നെ വീണ്ടും ടീമിന്റെ ചുമതലയേറ്റെടുത്തെങ്കിലും പ്രതീക്ഷിച്ചപോലെയല്ല കാര്യങ്ങളുടെ പോക്ക്. നാലാം ട്വന്റി20യിൽ പാക്കിസ്ഥാന് അവസാന ഓവറിൽ ജയിക്കാൻ 18 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ 13 റൺസെടുക്കാൻ മാത്രമാണു പാക്ക് ബാറ്റർമാർക്കു സാധിച്ചത്. മത്സരത്തിനു ശേഷം കുട്ടികൾ അടക്കമുള്ള പാക്കിസ്ഥാൻ ആരാധകർ പൊട്ടിക്കരഞ്ഞുകൊണ്ടാണു സ്റ്റേഡിയം വിട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് നേടിയത്. ഓപ്പണർ ടിം റോബിൻസൻ അർധ സെഞ്ചറി തികച്ചു. 36 പന്തുകളിൽ 51 റൺസാണു താരം നേടിയത്. മറുപടി ബാറ്റിങ്ങിൽ എട്ടിന് 174 റൺസെടുക്കാൻ മാത്രമാണു പാക്കിസ്ഥാനു സാധിച്ചത്. 45 പന്തുകളിൽനിന്ന് 61 റൺസെടുത്ത ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.
പ്രധാന താരങ്ങളില്ലാതെയാണ് ന്യൂസീലൻഡ് പാക്കിസ്ഥാനിൽ കളിക്കാനെത്തിയത്. ന്യൂസീലന്‍ഡിന്റെ സീനിയർ താരങ്ങളിൽ പലരും ഇന്ത്യയിൽ ഐപിഎല്ലിൽ കളിക്കുകയാണ്. അതേസമയം പരമ്പര വിജയിച്ച് ട്വന്റി20 ലോകകപ്പിനു മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു പാക്കിസ്ഥാൻ ടീം. ജൂനിയർ താരങ്ങൾ കളിക്കുന്ന കിവീസ് ടീം സ്വന്തം നാട്ടില്‍വച്ച് തോൽപിച്ചതോടെ പാക്ക് താരങ്ങൾ പ്രതിരോധത്തിലായി. ബാബർ അസം ക്യാപ്റ്റൻ സ്ഥാനത്തു വീണ്ടും വന്നതിനു പിന്നാലെ, പാക്കിസ്ഥാൻ താരങ്ങൾ സൈനിക പരിശീലനം അടക്കം നടത്തിയിരുന്നു.