നയിക്കാൻ ക്യാപ്റ്റൻ സഞ്ജു ഉള്ളപ്പോൾ രാജസ്ഥാൻ റോയൽസിന് പിന്നെന്തു പേടിക്കാൻ! വീണ്ടും ആധികാരിക വിജയം

Mail This Article
ലക്നൗ ∙ മുന്നിൽ നിന്നു നയിക്കാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉള്ളപ്പോൾ രാജസ്ഥാൻ റോയൽസിന് പിന്നെന്തു പേടിക്കാൻ! 33 പന്തിൽ 71 റൺസുമായി ക്രീസിൽ നിറഞ്ഞാടിയ സഞ്ജുവിന്റെ വെടിക്കെട്ട് അർധ സെഞ്ചറിയുടെ ബലത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 7 വിക്കറ്റിന്റെ ആധികാരിക ജയം. ക്യാപ്റ്റൻ കെ.എൽ.രാഹുൽ (48 പന്തിൽ 76), ദീപക് ഹൂഡ (31 പന്തിൽ 50) എന്നിവരുടെ അർധ സെഞ്ചറികളുടെ ബലത്തിൽ ലക്നൗ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.
സീസണിൽ തന്റെ 4–ാം അർധ സെഞ്ചറിയാണ് സഞ്ജു കുറിച്ചത്. 34 പന്തിൽ പുറത്താകാതെ 52 റൺസ് നേടിയ ധ്രുവ് ജുറേലിന്റെ പ്രകടനവും രാജസ്ഥാൻ വിജയത്തിൽ നിർണായകമായി. സഞ്ജുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. മേയ് 2ന് സൺറൈസേഴ്സിനെതിരെ ഹൈദരാബാദിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം.
സൂപ്പർ സഞ്ജു
197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ഒന്നാം വിക്കറ്റിൽ 5.5 ഓവറിൽ 60 റൺസ് കൂട്ടിച്ചേർത്ത ജോസ് ബട്‌ലർ (18 പന്തിൽ 34)– യശസ്വി ജയ്സ്വാൾ (18 പന്തിൽ 24) സഖ്യം മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. വൈകാതെ റിയാൻ പരാഗും (11 പന്തിൽ 14) വീണതോടെ 3ന് 78 എന്ന നിലയിലായി രാജസ്ഥാൻ. നാലാം വിക്കറ്റിൽ ഒന്നിച്ച സഞ്ജു– ജുറേൽ സഖ്യമാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആദ്യം പ്രത്യാക്രമണം ആരംഭിച്ചത് ജുറേലാണെങ്കിലും പതിയെ ഇന്നിങ്സിന്റെ നിയന്ത്രണം ഏറ്റെടുത്ത സഞ്ജു, കൃത്യമായ ഇടവേളകളിൽ ബൗണ്ടറി നേടി റൺനിരക്ക് കുറയാതെ കാത്തു.
19–ാം ഓവറിലെ അവസാന പന്തിൽ സിക്സ് നേടിയാണ് സഞ്ജു ടീമിനെ വിജയത്തിൽ എത്തിച്ചത്. 62 പന്തിൽ 121 റൺസാണ് നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 33 പന്തിൽ 4 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 34 പന്തിൽ 2 സിക്സും 5 ഫോറും അടക്കമാണ് ജുറേൽ അർധ സെഞ്ചറി തികച്ചത്.

ക്യാപ്റ്റൻ കൂൾ
ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ ക്വിന്റൻ ഡികോക്കിനെ (8) നഷ്ടമായ ഞെട്ടലോടെയാണ് ലക്നൗ തുടങ്ങിയത്. ട്രെന്റ് ബോൾട്ടിനായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ ലക്നൗവിന്റെ വിജയശിൽപിയായ മാർകസ് സ്റ്റോയ്നിസിനെ (0) അടുത്ത ഓവറിലെ അവസാന പന്തിൽ സന്ദീപ് ശർമയും പുറത്താക്കിയതോടെ 2ന് 11 എന്ന നിലയിലേക്ക് ലക്നൗ വീണു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ– ഹൂഡ സഖ്യമാണ് ലക്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഒരറ്റത്ത് ക്ഷമയോടെ ബാറ്റ് ചെയ്ത ക്യാപ്റ്റൻ രാഹുൽ, ടീം സ്കോർ പതിയെ മുന്നോട്ടുനീക്കി. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 46 എന്ന നിലയിലായിരുന്നു ലക്നൗ. മൂന്നാം വിക്കറ്റിൽ 62 പന്തിൽ 115 റൺസ് നേടിയാണ് രാഹുൽ– ഹൂഡ സഖ്യം ആതിഥേയരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
48 പന്തിൽ 2 സിക്സും 8 ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. 31 പന്തിൽ 7 ഫോർ സഹിതമാണ് ഹൂഡ അർധ സെഞ്ചറി നേടിയത്. ഒരു ഘട്ടത്തിൽ ലക്നൗ ടോട്ടൽ അനായാസം 200 കടക്കുമെന്നു തോന്നിച്ചെങ്കിലും ഇരുവരും പുറത്തായതോടെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. അവസാന ഓവറുകളിൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബോളർമാർ, ലക്നൗ സ്കോർ 196ൽ പിടിച്ചുനിർത്തി.