ADVERTISEMENT

ജയ്പൂർ∙ ട്വന്റി20 ക്രിക്കറ്റിനെക്കുറിച്ചു മനസ്സുതുറന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വേഗതയേറിയ ട്വന്റി20 ഫോർമാറ്റിൽ ആക്രമിച്ചു കളിക്കുന്നതാണു ശരിയായ രീതിയെന്ന് സഞ്ജു സാംസൺ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 മത്സരങ്ങളിലെ ഇന്നിങ്സുകൾ മുഴുവൻ ആക്രമിച്ചു കളിക്കേണ്ടതാണെന്നാണു സഞ്ജുവിന്റെ നിലപാട്. ഐപിഎൽ 2024 സീസണിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 

‘‘20 ഓവറുകളാണ് ഈ ഫോര്‍മാറ്റിൽ ആകെയുള്ളത്. അതുകൊണ്ട് ക്രീസിൽ നിലയുറപ്പിച്ച് കളിക്കാൻ കൂടുതല്‍ സമയം വേണമെന്നു നമുക്ക് ആവശ്യപ്പെടാൻ സാധിക്കില്ല. പത്തു റൺസ് എടുത്തുകഴിഞ്ഞിട്ട് സിക്സ് അടിച്ചുതുടങ്ങാമെന്നു കരുതരുത്. ഒരു ബോളറെ ബൗണ്ടറി അടിക്കാൻ ശ്രമിക്കില്ലെന്നും വിചാരിക്കരുത്. അവസാനത്തെ പന്തുവരെ നമ്മൾ അടിച്ചുകൊണ്ടിരിക്കണം. ട്വന്റി20 ക്രിക്കറ്റിൽ ഒരു ശൈലി മാത്രമാണുള്ളത്. ബൗണ്ടറികൾക്കു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുക.’’

‘‘മത്സരത്തിൽ അങ്ങനെയൊരു സ്വാധീനമുണ്ടാക്കാൻ നമ്മുടെ ഇന്നിങ്സ് കൊണ്ട് സാധിക്കണം. വ്യക്തിഗത നേട്ടങ്ങൾക്ക് ഇവിടെ പ്രാധാന്യം നൽകേണ്ട കാര്യമില്ല. ആധിപത്യം സ്ഥാപിക്കുകയെന്നതു മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം. എന്നെക്കൊണ്ട് അതിനു കഴിഞ്ഞില്ലെങ്കിൽ, എനിക്കു ശേഷം വരുന്നവർക്ക് അതു സാധിക്കുമെന്നു ഞാൻ കരുതും. അവർക്കും അതിനു കഴിഞ്ഞില്ലെങ്കിൽ ടീം തോൽക്കും. ആധിപത്യം നേടുകയെന്നതു മാത്രമാണു ട്വന്റി20 ക്രിക്കറ്റിലെ ഒരേയൊരു മാർഗം. അതു തുടർന്നുകൊണ്ടിരിക്കണം.’’– സഞ്ജു സാംസൺ വ്യക്തമാക്കി.

2024 സീസണിൽ 10 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 385 റൺസാണ് ഇതുവരെ അടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി നടക്കുന്ന പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് രാജസ്ഥാൻ റോയൽസ്. പത്തു കളികളിൽ എട്ടും ജയിച്ച രാജസ്ഥാന് ഇപ്പോൾ 16 പോയിന്റുണ്ട്. കഴിഞ്ഞ കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു ഒരു റണ്ണിനു തോറ്റതിന്റെ ക്ഷീണം തീർക്കാനാണു രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. ഇന്നു ജയിച്ചാൽ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തും.

English Summary:

Attack is the best style in T20: Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com