ADVERTISEMENT

മുംബൈ∙ ഐപിഎൽ 2024 സീസണിൽ ഇനിയും പ്ലേ ഓഫിലെത്താമെന്നു മുംബൈ ഇന്ത്യൻസിനു പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തിനു ശേഷം മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു പാണ്ഡ്യയുടെ പ്രതികരണം. അടുത്ത രണ്ടു മത്സരങ്ങളിലാണ് ഇപ്പോൾ ശ്രദ്ധയെന്നും കണക്കിലെ സാധ്യതകൾ തനിക്ക് അറിയില്ലെന്നും ഹാര്‍ദിക് പാണ്ഡ്യ പ്രതികരിച്ചു. പോയിന്റ് പട്ടികയിലെ ഒൻപതാം സ്ഥാനക്കാരായ മുംബൈയ്ക്ക് ഇനി പ്ലേ ഓഫിലെത്താൻ സാങ്കേതികമായി വളരെ ചെറിയ സാധ്യത മാത്രമാണുള്ളത്.

‘‘നമ്മളിപ്പോൾ സംസാരിക്കുന്ന കണക്കുകൂട്ടലുകളെക്കുറിച്ച് എനിക്കു വലിയ ധാരണകളില്ല. അതേസമയം ബാക്കിയുള്ള മത്സരങ്ങളിൽ മികച്ച ക്രിക്കറ്റ് കളിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാറ്റർമാർ നന്നായി തന്നെ കാര്യങ്ങൾ ചെയ്തു. എനിക്കു കൃത്യമായി പന്തെറിയാൻ സാധിച്ചു. സൂര്യകുമാർ യാദവ് അവിശ്വസനീയമായ രീതിയിലാണു ബാറ്റു ചെയ്തത്. ബോളർമാരെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹത്തിനു സാധിച്ചു. മത്സരങ്ങൾ മാറ്റിമറിക്കാൻ ശേഷിയുള്ള ബാറ്ററാണ് സൂര്യ. അദ്ദേഹത്തെ ടീമിൽ ലഭിച്ചത് മുംബൈ ഇന്ത്യൻസിന്റെ ഭാഗ്യമാണ്.’’– ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.

12 കളികള്‍ പൂർത്തിയാക്കിയ മുംബൈയ്ക്ക് നാലെണ്ണത്തിൽ മാത്രമാണു ജയിക്കാൻ സാധിച്ചത്. എട്ടു തോൽവികൾ വഴങ്ങിയ മുംബൈ ഒൻപതാം സ്ഥാനത്താണ്. ഇനിയുള്ള രണ്ടു കളികൾ മികച്ച മാര്‍ജിനിൽ ജയിച്ചാലും മറ്റു ടീമുകളുടെ മത്സര ഫലങ്ങൾ കൂടി അനുകൂലമായാലേ മുംബൈയ്ക്ക് ചെറിയ സാധ്യതകളെങ്കിലും ബാക്കിയുണ്ടാകൂ. സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റുകൾക്കാണു മുംബൈ ഇന്ത്യൻസ് തോൽപിച്ചത്.

ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 16 പന്തുകൾ ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസ് വിജയത്തിലെത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്കെതിരെയാണ് ഇനി മുംബൈ ഇന്ത്യൻസിന് കളിക്കാനുള്ളത്.

English Summary:

Hardik Pandya's Blunt Playoffs Reply To Sanjay Manjrekar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com