ADVERTISEMENT

ന്യൂഡൽഹി ∙ ക്യാപ്റ്റൻ സഞ്ജു സാംസന്റെ ഒറ്റയാൾ പോരാട്ടത്തിനും രാജസ്ഥാൻ റോയൽസിനെ രക്ഷിക്കാനായില്ല. വെടിക്കെട്ട് അർധ സെഞ്ചറിയുമായി (46 പന്തിൽ 86) തിളങ്ങിയ സഞ്ജുവിന്റെ കരുത്തിൽ, അവസാന ഓവർ വരെ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 20 റൺസ് അകലെ രാജസ്ഥാൻ വീണു. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 8ന് 221. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 8ന് 201. ഡൽഹി പേസർ മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 29 റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ ആവശ്യം. എന്നാൽ നേടാനായത് 8 റൺസ് മാത്രം. 4 ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഡൽഹി സ്പിന്നർ കുൽദീപ് യാദവാണ് പ്ലെയർ ഓഫ് ദ് മാച്ച്.

സൂപ്പർ സഞ്ജു

ആദ്യ ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (4) നഷ്ടപ്പെട്ട ഞെട്ടലുമായാണ് രാജസ്ഥാൻ തുടങ്ങിയത്. പവർപ്ലേ അവസാനിക്കും മുൻപ് ജോസ് ബട്‌ലറെയും (19) നഷ്ടമായതോടെ രാജസ്ഥാൻ പതറി. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജു കൂറ്റൻ അടികളിലൂടെ സ്കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. 16–ാം ഓവറിലെ നാലാം പന്തിൽ സഞ്ജു പുറത്താകുമ്പോൾ 4ന് 162 എന്ന നിലയിലായിരുന്നു രാജസ്ഥാൻ. മുകേഷ് കുമാറിന്റെ പന്തിൽ ബൗണ്ടറി ലൈനിൽ ഷായ് ഹോപ് ക്യാച്ചെടുത്താണ് സഞ്ജുവിനെ പുറത്താക്കിയത്. എന്നാൽ ക്യാച്ച് എടുക്കുമ്പോൾ ഹോപിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയതായി സംശയമുണ്ടായിരുന്നു. ഈ കാര്യം സഞ്ജു അംപയർമാരെ ധരിപ്പിച്ചെങ്കിലും ഔട്ട് അനുവദിച്ചു. സഞ്ജു പുറത്തായതോടെ മത്സരത്തിൽ പിടിമുറുക്കിയ ഡൽഹി, പിന്നാലെയെത്തിയ രാജസ്ഥാൻ ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല.

ഓപ്പൺ ഡൽഹി സ്റ്റൈൽ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് മോഹത്തുടക്കമാണ് ഓപ്പണർമാരായ ജേക്ക് ഫ്രേസർ മക്ഗുർക്കും (20 പന്തിൽ 50), അഭിഷേക് പൊറലും (36 പന്തിൽ 65) ചേർന്നു നൽകിയത്. പവർപ്ലേയിൽ കത്തിക്കയറിയ ഫ്രേസർ 19 പന്തിലാണ് സീസണിലെ തന്റെ നാലാം അർധ സെഞ്ചറി തികച്ചത്.    അവസാന ഓവറുകളിൽ ആഞ്ഞടിച്ച ട്രിസ്റ്റൻ സ്റ്റബ്സ് (20 പന്തിൽ 41), ഗുൽബാദിൻ നെയ്ബ് (15 പന്തിൽ 19) എന്നിവർ ചേർന്നാണ് ഡൽഹി സ്കോർ 200 കടത്തിയത്.

English Summary:

Delhi Capitals beat Rajasthan Royals for 20 runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com