ADVERTISEMENT

ന്യൂഡൽഹി ∙ ഹൈദരാബാദ് ഓപ്പണർമാർ ബാറ്റു കൊണ്ട് ‘അടിച്ചു തെറിപ്പിച്ചത്’ ലക്നൗ ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ തൊപ്പി കൂടിയാണോ? ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദ്–ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനു പിന്നാലെ ചൂടുപിടിച്ചത് ലക്നൗ ടീമിൽ രാഹുലിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയ 165 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ വെറും 9.4 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്.

ഓപ്പണർമാരായ ട്രാവിസ് ഹെഡും (30 പന്തിൽ 89*) അഭിഷേക് ശർമയുമാണ് (28 പന്തിൽ 75*) സൺറൈസേഴ്സിന് 10 വിക്കറ്റിന്റെ അനായാസ ജയം നേടിക്കൊടുത്തത്. മത്സരത്തിനു പിന്നാലെ രാഹുലിന്റെ ബാറ്റിങ്ങിനെക്കുറിച്ച് രൂക്ഷ വിമർശനങ്ങളുയർന്നു. കളിയിൽ 33 പന്ത് നേരിട്ട രാഹുൽ 29 റൺസ് മാത്രമാണ് നേടിയത്. സ്ട്രൈക്ക് റേറ്റ് 87.88. 

മാനേജ്മെന്റിനും അതൃപ്തി

മത്സരശേഷം ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനോട് സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തു വന്നു. ഇരുവരും സംസാരിച്ചതെന്താണെന്ന് വ്യക്തമല്ലെങ്കിലും രാഹുൽ മ്ലാനമായ മുഖഭാവത്തോടെ എല്ലാം കേട്ടു നിൽക്കുന്നത് വിഡിയോയിൽ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത 2 മത്സരങ്ങളിൽ രാഹുൽ ടീമിനെ നയിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.

എന്നാൽ ക്യാപ്റ്റനായി സീസൺ പൂർത്തിയാക്കുമെങ്കിലും അടുത്ത വർഷം മെഗാ താരലേലത്തിനു മുൻപ് രാഹുൽ ലക്നൗവുമായി പിരിയുമെന്നു സൂചനയുണ്ട്. സീസണിൽ 2 മത്സരങ്ങളാണ് (ഡൽഹിക്കും മുംബൈയ്ക്കും എതിരെ) ലക്നൗവിന് ഇനി ശേഷിക്കുന്നത്.  രണ്ടും ജയിച്ചാൽ പ്ലേഓഫ് സാധ്യതയുണ്ടെങ്കിലും വൻതോൽവിയോടെ നെറ്റ് റൺറേറ്റ് കുത്തനെ ഇടിഞ്ഞത് (–0.760) വലിയ തിരിച്ചടിയാണ്.

English Summary:

Lucknow Super Giants Captain KL Rahul's future is a question mark after the defeat against Sunrisers Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com