ട്വന്റി20 ലോകകപ്പിൽ കളിക്കേണ്ടത് സഞ്ജു സാംസണോ, ഋഷഭ് പന്തോ? നിലപാടു വ്യക്തമാക്കി ഗംഭീർ
Mail This Article
കൊൽക്കത്ത∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറായി ആരാണു കളിക്കേണ്ടതെന്ന ചോദ്യത്തിനു മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീര്‍. വിക്കറ്റ് കീപ്പർ റോളിൽ സ്വാഭാവികമായും ഋഷഭ് പന്തിനാണ് സിലക്ഷൻ കിട്ടേണ്ടതെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്തും സഞ്ജു സാംസണുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. രണ്ടു പേരെയും ഒരേ സമയം കളിപ്പിക്കാൻ സാധ്യത കുറവാണ്.
‘‘ഐപിഎല്ലിൽ ഋഷഭ് പന്ത് മിഡില്‍ ഓർഡറിലും സഞ്ജു ടോപ് ഓർഡറിലുമാണു ബാറ്റു ചെയ്യുന്നത്. ഇടം കൈ ബാറ്ററായ പന്ത് മിഡിൽ ഓർഡറിൽ കളിക്കുന്നതു ടീമിനു ഗുണം ചെയ്യും. ഇന്ത്യൻ ടീമിലെ കോമ്പിനേഷനുകൾ നോക്കുമ്പോൾ അവിടെയാണ് നമുക്ക് ബാറ്ററെ ആവശ്യം. അല്ലാതെ മുൻനിരയിലല്ല. പക്ഷേ ആറാമതോ, ഏഴാമതോ ഇറങ്ങി സഞ്ജു നന്നായി സ്കോർ ചെയ്യുമെന്നു അവർക്കു മനസ്സിലായാൽ രാജസ്ഥാൻ ക്യാപ്റ്റനെ പരിഗണിക്കേണ്ടിവരും.’’– ഗംഭീർ വ്യക്തമാക്കി.
ആരു കളിച്ചാലും അയാൾക്കു വേണ്ട പിന്തുണ ലഭിക്കണമെന്നും ഗംഭീർ പ്രതികരിച്ചു. ഐപിഎല്ലിൽ ബാറ്ററുടെ റോളിൽ പന്തിനേക്കാൾ മികച്ച ഫോമിലാണ് സഞ്ജു കളിക്കുന്നത്. 13 മത്സരങ്ങളിൽനിന്ന് 504 റൺസ് സഞ്ജു ഇതുവരെ നേടിയിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ 446 റൺസാണ് പന്ത് അടിച്ചെടുത്തത്. യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ അണിനിരക്കുന്ന ബാറ്റിങ്ങിലെ ടോപ് ഓർഡറിൽ സഞ്ജുവിന് ഇടം ലഭിക്കാൻ സാധ്യത കുറവാണ്.