ADVERTISEMENT

മുംബൈ∙ ക്യാപ്റ്റനെന്ന നിലയിൽ ജയത്തിനും തോൽവിക്കുമല്ല പ്രാധാന്യം നൽകുന്നതെന്നു മുംബൈ ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യ. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസ് നേരത്തേ തന്നെ ഐപിഎല്ലിൽനിന്നു പുറത്തായിരുന്നു. വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സാണ് മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽവച്ചാണു മത്സരം നടക്കുന്നത്.

‘‘എന്റെ ക്യാപ്റ്റൻസി വളരെ സിംപിളാണ്. മറ്റു പത്തു താരങ്ങൾക്കൊപ്പം ഹാർദിക് പാണ്ഡ്യയും കൂടി കളിക്കുന്നു. സഹതാരങ്ങൾക്ക് ആത്മവിശ്വാസം നൽകുക. അവരെ സ്നേഹിക്കുക. താരങ്ങള്‍ 100 ശതമാനത്തിനും മുകളിലുള്ള പ്രകടനം തന്നെ പുറത്തെടുക്കാൻ ശ്രമിക്കും. ഞാൻ ഫലം അടിസ്ഥാനമാക്കി മാത്രം പ്രവർത്തിക്കുന്ന ഒരാളല്ല. കളിയെ എങ്ങനെ സമീപിക്കുന്നു എന്നതാണു പ്രധാനം.’’– ഹാര്‍ദിക് പാണ്ഡ്യ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

2024 ഐപിഎൽ സീസണിനു തൊട്ടുമുൻപായിരുന്നു ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി നിയമിച്ചത്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയ മുംബൈ മാനേജ്മെന്റിന്റെ നടപടി ആരാധകർക്ക് രസിച്ചിരുന്നില്ല. ടീം തുടർച്ചയായി തോൽക്കുക കൂടി ചെയ്തതോടെ ഹാർദിക് പാണ്ഡ്യയെ സ്വന്തം ആരാധകർ തന്നെ കൂവിവിട്ടു. മുംബൈ ഇന്ത്യൻസ് ക്യാംപിൽ താരങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും രൂക്ഷമായി.

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങള്‍ ഒട്ടും തൃപ്തരല്ല. നാലു മത്സരങ്ങൾ മാത്രമാണ് സീസണിൽ ഇതുവരെ മുംബൈ ഇന്ത്യൻസ് വിജയിച്ചത്. ഒൻപതു കളികൾ തോറ്റ മുംബൈയ്ക്ക് എട്ടു പോയിന്റുകൾ മാത്രമാണുള്ളത്. അടുത്ത സീസണിലും ഹാർദിക് പാണ്ഡ്യ തന്നെ മുംബൈയെ നയിക്കുമെന്നാണു പുറത്തുവരുന്ന വിവരം. രോഹിത് ശര്‍മ ടീം വിടാനും സാധ്യതയുണ്ട്.

English Summary:

I am not someone who is result oriented: Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com