മഴ പെയ്താൽ ചെന്നൈയ്ക്ക് ‘ലോട്ടറി’, ചെറിയ തോൽവിയും കുഴപ്പമില്ല; ഹോം ഗ്രൗണ്ടിൽ ടെൻഷൻ ആർസിബിക്ക്

Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിൽ ഒരു സ്ഥാനം മാത്രം ബാക്കി നിൽക്കെ പൊരുതാനുറച്ച് മൂന്ന് ടീമുകൾ. ചെന്നൈ സൂപ്പർ കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകളാണ് പ്ലേ ഓഫിൽ ഇടം നേടാനായി മത്സരിക്കുന്നത്. ഒന്നാം സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രണ്ടമതായി രാജസ്ഥാൻ റോയൽസും നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. മഴ കാരണം ഗുജറാത്ത് ടൈറ്റൻസിനെതിരായ കളി മുടങ്ങിയതോടെ സൺറൈസേഴ്സ് ഹൈദരാബാദും പ്ലേ ഓഫിലെത്തി.
കെ.എൽ. രാഹുൽ നയിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സും പ്ലേ ഓഫ് പോരിലുണ്ടെങ്കിലും അതു സാങ്കേതികമായി മാത്രമാണ്. ഇനിയുള്ള ഒരു കളി ജയിച്ചാലും പ്ലേ ഓഫിലെത്താനുള്ള നെറ്റ് റണ്‍റേറ്റ് എത്തിപ്പിടിക്കാൻ ലക്നൗവിനു ബുദ്ധിമുട്ടായിരിക്കും. വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്നൗവിന്റെ അവസാന പോരാട്ടം. എന്നാൽ നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു– ചെന്നൈ സൂപ്പർ കിങ്സ് മത്സരമായിരിക്കും പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ തീരുമാനിക്കുക.
നിലവിൽ ചെന്നൈ സൂപ്പര്‍ കിങ്സിന് 14 പോയിന്റും ബെംഗളൂരുവിന് 12 പോയിന്റുമാണുള്ളത്. നെറ്റ് റൺറേറ്റിലെ മേധാവിത്തവും ചെന്നൈയ്ക്ക് അനുകൂലമാണ്. ശനിയാഴ്ച മഴ പെയ്ത് കളി മുടങ്ങിയാൽ ചെന്നൈ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിക്കും. എന്നാൽ മത്സരത്തിൽ ബെംഗളൂരു ചെന്നൈയെ തോൽപിച്ചാലും ആര്‍സിബിയുടെ മുന്നോട്ടുപോക്ക് ഉറപ്പില്ല. അതിനു വേറെ ചില കാര്യങ്ങൾ കൂടി സംഭവിക്കേണ്ടതുണ്ട്. ചെറിയ മാർജിനിൽ ചെന്നൈ തോറ്റാൽ പോലും നെറ്റ് റൺറേറ്റിന്റെ ബലത്തിൽ അവർക്കായിരിക്കും പ്ലേ ഓഫ് യോഗ്യത.
നാലാം സ്ഥാനത്തുള്ള ചെന്നൈയുടെ നെറ്റ് റൺറേറ്റ് +0.528 ഉം ആറാമതുള്ള ബെംഗളൂരുവിന്റെ നെറ്റ് റൺറേറ്റ് +0.387 ഉം ആണ്. ശനിയാഴ്ച ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്യുകയാണെങ്കിൽ കുറഞ്ഞത് 18 റൺസിനോ രണ്ടാമത് ബാറ്റു ചെയ്യുകയാണെങ്കിൽ 18.1 ഓവറിനുള്ളിലോ ബെംഗളൂരുവിന് ജയിക്കണം. ഈ കളി ചെന്നൈ ജയിച്ചാൽ അവർക്ക് 16 പോയിന്റാകും. നെറ്റ് റൺറേറ്റിന്റെ കരുത്തിൽ അവർക്ക് രാജസ്ഥാനെ പിന്തള്ളി രണ്ടാം സ്ഥാനത്തും എത്താനാകും.