ഹാർദിക് പാണ്ഡ്യയെ ശിക്ഷിച്ച് ബിസിസിഐ; 30 ലക്ഷം പിഴയടക്കണം, അടുത്ത സീസണിൽ മത്സരവിലക്ക്

Mail This Article
മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനു പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ശിക്ഷിച്ച് ബിസിസിഐ. ഓവർ നിരക്കിലെ മെല്ലെപ്പോക്കിന്റെ ഭാഗമായി പാണ്ഡ്യയ്ക്ക് 30 ലക്ഷം രൂപയാണു പിഴയായി ചുമത്തിയിരിക്കുന്നത്. കൂടാതെ ഒരു മത്സരത്തിൽനിന്നു വിലക്കും ഏർപ്പെടുത്തി. സീസണിലെ 14 മത്സരങ്ങളും മുംബൈ പൂർത്തിയാക്കിയതിനാൽ, അടുത്ത സീസണിലെ ആദ്യ മത്സരം പാണ്ഡ്യയ്ക്കു നഷ്ടമാകും.
അടുത്ത സീസണിലും ഹാർദിക് പാണ്ഡ്യ തന്നെയായിരിക്കും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെന്നാണു പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കിൽ അടുത്ത സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കു പാണ്ഡ്യയില്ലാതെ ഇറങ്ങേണ്ടിവരും. ടീമിലെ മറ്റു താരങ്ങൾക്കെതിരെയും ബിസിസിഐയുടെ നടപടിയുണ്ട്. പ്ലേയിങ് ഇലവനിലുണ്ടായിരുന്ന എല്ലാ താരങ്ങളും 12 ലക്ഷം രൂപയോ, മാച്ച് ഫീയുടെ 50 ശതമാനമോ പിഴയായി അടയ്ക്കേണ്ടിവരും. ഇതിൽ ഏതാണോ കുറവ്, അത് അടച്ചാൽ മതിയാകും.
മുംബൈയ്ക്കു വേണ്ടി ഇംപാക്ട് പ്ലേയറായി ഇറങ്ങിയ താരത്തിനും നടപടി നേരിടേണ്ടിവരും. സീസണിലെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ലക്നൗ സൂപ്പർ ജയന്റ്സ് 18 റൺസിനാണു തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ ആറിന് 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന മത്സരത്തിൽ രണ്ടോവറുകൾ പന്തെറിഞ്ഞെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്കു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.
ബാറ്റിങ്ങിൽ 13 പന്തുകൾ നേരിട്ട പാണ്ഡ്യ 16 റൺസെടുത്തു പുറത്തായി. 14 മത്സരങ്ങളിൽ പത്തും തോറ്റ മുംബൈ ഇന്ത്യൻസ് പോയിന്റ്സ് ടേബിളിൽ പത്താം സ്ഥാനത്താണ്. എട്ടു പോയിന്റു മാത്രമാണു ടീമിനു നേടാൻ സാധിച്ചത്. അവസാന മത്സരവും തോറ്റതോടെ പുതിയ ടീമിനെ ഒരുക്കി അടുത്ത സീസണിനു വേണ്ടിയുള്ള തയാറെടുപ്പിലാകും മുംബൈ ഇന്ത്യൻസ്.