ADVERTISEMENT

ന്യൂ‍യോർക്ക്∙ അർഷ്ദീപ് സിങ്ങിനെതിരായ വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെയാണ് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെക്കുറിച്ച് കമ്രാൻ അക്മൽ‌ വിദ്വേഷ പരാമർശം നടത്തിയത്. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് എക്സ് പ്ലാറ്റ്ഫോമിൽ ആഞ്ഞടിച്ചതോടെ കമ്രാൻ അക്മൽ മാപ്പുപറയുകയായിരുന്നു.

പാക്കിസ്ഥാൻ ബാറ്റിങ്ങിനിടെ അവസാന ഓവർ എറിയാൻ അർഷ്ദീപ് സിങ് എത്തിയപ്പോഴായിരുന്നു അക്മൽ വിവാദ പരാമർശം നടത്തിയത്. ‘‘എന്തു വേണമെങ്കിലും സംഭവിക്കാം, ഇപ്പോൾ തന്നെ 12 മണിയായിരിക്കുന്നു.’’– എന്നായിരുന്നു അക്മലിന്റെ പരാമർശം. അക്മലിന്റെ വാക്കുകൾ സമൂഹമാധ്യമത്തിൽ വൈറലാകുകയും ചെയ്തു. ഇതോടെയാണ് ഹർഭജൻ അക്മലിനെതിരെ രംഗത്തെത്തിയത്.

‘‘നിങ്ങളുടെ വാ തുറക്കുന്നതിനു മുൻപ് സിഖ് വിഭാഗത്തിന്റെ ചരിത്രം മനസ്സിലാക്കണം. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും അധിനിവേശക്കാർ തട്ടിക്കൊണ്ടുപോയപ്പോൾ ഞങ്ങളാണു രക്ഷിച്ചത്. അപ്പോഴും സമയം രാത്രി 12 മണി ആയിരുന്നു. നിങ്ങളെയോർത്തു ലജ്ജിക്കുന്നു.’’– ഹർഭജൻ സിങ് എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അക്മൽ പ്രതികരിച്ചത്.

‘‘അടുത്തിടെ നടത്തിയ പ്രതികരണങ്ങളിൽ ഖേദമുണ്ട്. ഹർഭജൻ സിങ്ങിനോടും സിഖ് വിഭാഗത്തോടും മാപ്പു ചോദിക്കുകയാണ്. എന്റെ വാക്കുകൾ അനുചിതവും ബഹുമാനമില്ലാത്തതുമായിപ്പോയി. സിഖുകാരെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.’’– കമ്രാൻ അക്മൽ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ ആറു റൺസിനു തോൽപിച്ചിരുന്നു. ജയത്തോടെ ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

English Summary:

Harbhajan Singh Teaches Kamran Akmal History Lesson Over Racist 'Sikh Joke'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com