sections
MORE

ആരാധകരെ ആവേശത്തിലാഴ്ത്തി ബെംഗളൂരുവിനെതിരായ ‘കേരളാ ബ്ലാസ്റ്റ്’

Kerala Blasters FC players
ഡൽഹിക്കെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ: ചിത്രം: റോബർട്ട് വിനോദ്
SHARE

െബംഗളൂരു ∙ സമനില; കിട്ടിയത് ഒരു പോയിന്റ് മാത്രം. ബ്ലാസ്റ്റേഴ്സിനിതു പക്ഷേ, വിജയത്തോളം വിലപിടിച്ചൊരു സമനിലയാണ്! തോൽവികൾ, കയ്യെത്തും ദൂരെ വിജയം കൈവിട്ട സമനില ദുരന്തങ്ങൾ, പാതിവഴിയിൽ പരിശീലകനെ നഷ്ടമാകൽ... അതുകൊണ്ടു തന്നെ ബെംഗളൂരു എഫ്സിയെന്ന, മികവുറ്റ ടീമിനെതിരായ സമനിലയ്ക്കു പോലും മൂല്യമേറെ.

∙ 4 മാറ്റവും 4 ഇരട്ടി മികവും

ഡൽഹിയോടു തോറ്റ ടീമിനെ പുതുക്കിപ്പണിതാണു നെലോ ബെംഗളൂരുവിനെതിരെ കളത്തിലിറക്കിയത്. റുവാത്താരയ്ക്കു പകരം പ്രീതം കുമാർ സിങ്. സിറിൽ കാലിക്കു പകരം റാക്വിപ്. മധ്യനിരയിൽ പ്രശാന്തിനും കിർക്മാരേവിച്ചിനും പകരം പെക്കുസനും കിസിത്തോയും. മധ്യനിരയിലായിരുന്നു പ്രകടമായ മാറ്റം. കിസിത്തോയെ കൂട്ടു കിട്ടിയതോടെ സഹൽ അബ്ദുൽ സമദ് കൂടുതൽ അപകടകാരിയായി; കൗശലം നിറഞ്ഞ പാസുകളിലൂടെ. കിസിത്തോയാകട്ടെ, ബെംഗളൂരുവിന്റെ പാസുകൾ പലവട്ടം മുറിച്ചു, ഇടിച്ചു കയറി പന്തു പിടിച്ചെടുത്തു. ദിമാസ് ദെൽഗാഡോയും എറിക് പാർത്താലുവും ഉൾപ്പെട്ട അതിശക്തമായ ബെംഗളൂരു മധ്യനിരയെ അവർ നിഷ്പ്രഭമാക്കി. പ്രത്യേകിച്ചും, ആദ്യ പകുതിയിൽ.

മധ്യനിര ബലപ്പെട്ടതോടെ സ്ലാവിസ സ്റ്റൊയനോവിച്ചിനു മുന്നേറ്റ നിരയിൽ കൂടുതൽ സ്വാതന്ത്ര്യം കിട്ടി. വലതുവിങ്ങിൽ റാക്വിപിന്റെ അത്യധ്വാനവും ടീമിനെ ചലിപ്പിച്ചു. സുനിൽ ഛേത്രിക്ക് ഇടം നൽകാതെയായിരുന്നു റാക്വിപിന്റെ കളി. ഛേത്രി മങ്ങിയതോടെ, ബെംഗളൂരുവിന്റെ ഗോൾശ്രമങ്ങളും ദുർബലമായി. 2 –ാം പകുതിയിൽ പക്ഷേ, റാക്വിപ് മങ്ങി, ഛേത്രി കളി പിടിച്ചെടുക്കുകയും ചെയ്തു. ആദ്യ പകുതിയിൽ ചില മികച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാത്തതും ബ്ലാസ്റ്റേഴ്സിനു വിനയായി.

∙ പടിക്കൽ കലമുടയ്ക്കൽ

ആദ്യ പകുതിയിലെ ബ്ലാസ്റ്റേഴ്സിനെയല്ല പക്ഷേ, അന്ത്യ പകുതിയിൽ കണ്ടത്. 2 ഗോൾ ലീഡിൽ പിടിച്ചു തൂങ്ങാനുള്ള ശ്രമമെന്നു തോന്നിപ്പിക്കും വിധം പിൻവലിഞ്ഞായിരുന്നു കളി. ബെംഗളൂരുവാകട്ടെ ലെവിസിനു പകരം രാഹുൽ ഭേകെയെയും ലാൽറിൻദികയ്ക്കു പകരം സിസ്കോയെയും കളത്തിലിറക്കി കരുത്തു കൂട്ടി. ശൈലിയും മാറ്റി; ലോങ് ബോളുകളിലൂടെ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തേക്കു നിരന്തര റെയ്ഡുകൾ. ഉയരം കുറഞ്ഞ ബ്ലാസ്റ്റേഴ്സ് താരങ്ങൾ സമ്മർദത്തിലായി. ഗോൾ കീപ്പർ ധീരജ് സിങ്ങിന്റെ ഏതാനും സേവുകൾ ബെംഗളൂരുവിനു ഗോൾ നിഷേധിച്ചുവെങ്കിലും ഏറെ നേരം അതു തുടരാനായില്ല. ഉദാന്തയും ഛേത്രിയും ബെംഗളൂരുവിനു സമനില സമ്മാനിച്ചു.

2 ഗോൾ ലീഡുണ്ടായിട്ടും വിജയം കൈവിട്ടതു ബ്ലാസ്റ്റേഴ്സിനു പുതുമയല്ല. മുൻപു പല മൽസരങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി. പടിക്കലെ കലമുടയ്ക്കലിനു പരിഹാരം കണ്ടെത്തുകയാണു കോച്ച് നെലോയുടെ പല വെല്ലുവിളികളിലൊന്ന്. ശക്തരായ ബെംഗളൂരുവിനെതിരെ 2 ഗോൾ നേടാനായതു ടീമിനെ ഉണർത്തിയെന്നതു വാസ്തവം. പക്ഷേ, പ്രത്യാക്രമണങ്ങളിൽ തകരാതെ പിടിച്ചു നിൽക്കാനും കഴിയണം.

നോക്കൂ, ബെംഗളൂരുവിനോടു തോറ്റിരുന്നെങ്കിൽപ്പോലും കളിക്കാരിൽ എനിക്ക് അഭിമാനമേ ഉണ്ടാകുമായിരുന്നുള്ളൂ. അത്ര ഗംഭീരമായാണ് അവർ കളിച്ചത്, പ്രത്യേകിച്ചും ആദ്യ 45 മിനിറ്റിൽ. എത്ര ശക്തരായ ടീമിനെതിരെയും ഏതു സാഹചര്യത്തിലും മികച്ച കളി പുറത്തെടുക്കാനാകുമെന്നു ടീം തെളിയിച്ചു. ഇറ്റ് വാസ് എ ഗ്രേറ്റ് ഷോ!നെലൊ വിൻഗാദ‌ (കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA