ADVERTISEMENT

ഒരു വെല്ലുവിളി ഏറ്റെടുത്താണ് എത്തിയിരിക്കുന്നത്. മികച്ച രീതിയിൽ പോരാടും. പറയുന്നതു പ്രഫസറാണ്. നെലോ വിൻഗാദയെന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ. ഫുട്ബോൾ സ്വപ്നങ്ങളും പ്രതീക്ഷകളും ആരാധകരോടു പങ്കുവച്ചു പ്രഫസർ സംസാരിച്ചു. ചോദ്യങ്ങളും പിന്തുണയുമായി ബ്ലാസ്റ്റേഴ്സിന്റെ കാണിക്കൂട്ടമായ മഞ്ഞപ്പടയും.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നെലോ വിൻഗാദയും കേരള ബ്ലാസ്റ്റേഴ്സ് ആരാധക സമൂഹമായ മഞ്ഞപ്പടയും തമ്മിലുള്ള മുഖാമുഖം ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേ‍ഡിയത്തിലാണു നടന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള ആരാധകർ മുഖാമുഖത്തിൽ പങ്കെടുത്തു. 

ബ്ലാസ്റ്റേഴ്സ് എന്ന ടീമിനെ മനസിലാക്കിത്തന്നെയാണ് എത്തിയിരിക്കുന്നതെന്നു നെലോ വിൻഗാദ പറഞ്ഞു. ബെംഗളൂരുവിനെതിരെ സമനില വഴങ്ങേണ്ടി വന്നതിൽ പരിശീലകൻ അത്ര സന്തോഷവാനല്ല. എങ്കിലും ടീമിന്റെ പൊരുതാനുള്ള കരുത്തിനെക്കുറിച്ച് അദ്ദേഹം ആരാധകർക്കു ആത്മവിശ്വാസം പകർന്നു. എല്ലാ വലിയ ടീമുകൾക്കും വലിയൊരു ആരാധക പിന്തുണയുണ്ട്. ബ്ലാസ്റ്റേഴ്സിനും അതുണ്ട്. ക്ലബ് ടീമുകൾക്കു കാണിക്കൂട്ടത്തിന്റെ പിന്തുണ എത്ര വലുതാണെന്നും പരിശീലകനു നിശ്ചയമുണ്ട്.

ടീമിന്റെ മുന്നോട്ടുള്ള പ്രകടനത്തെക്കുറിച്ചാണ് ആരാധകർക്കും ചോദിക്കാനുണ്ടായിരുന്നത്. കഴിഞ്ഞ കാലത്തെക്കുറിച്ചല്ല, മുന്നോട്ടുള്ള പ്രതീക്ഷകളെക്കുറിച്ചാണു മഞ്ഞപ്പടയുടെ ചോദ്യങ്ങൾ. എല്ലാത്തിനുമുള്ള മറുപടിയിൽ  ആത്മവിശ്വാസത്തിന്റെ മരുന്നു കൂടി പ്രഫസർ കൂട്ടിച്ചേർത്തു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായി രണ്ടു വർഷം മുൻപു കൊച്ചിയിലെത്തിയ ഓർമകളും പ്രഫസർ പങ്കുവച്ചു. അന്നു തന്റെ ടീമിനെ പരാജയപ്പെടുത്തിയാണു കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനൽ യോഗ്യത നേടിയതെന്നും അദ്ദേഹം പറഞ്ഞു. സി.കെ. വിനീത്, ഹാലിചരൺ നർസരി എന്നിവർ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിൽ നന്നായേനെയെന്നും  വിൻഗാദ പറഞ്ഞു.

ആദ്യമായാണു കേരള ബ്ലാസ്റ്റേഴ്സ് ടീം മുഖ്യ പരിശീലകൻ ആരാധകർക്കൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കാന്‍ എത്തിയത്. ഇതു വരെയുള്ള പരിശീലകർ ആരാധക സമൂഹത്തെ നല്ല വാക്കുകൾക്കൊണ്ടു വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും മുഖാമുഖത്തിന് എത്തിയിരുന്നില്ല. ആദ്യ മത്സരത്തിനു കൊച്ചിയിൽ എത്തിയപ്പോൾത്തന്നെ വിൻഗാദ ഗാലറിക്ക് അടുത്തെത്തി അവിടെയുണ്ടായിരുന്ന ആരാധകരോടു സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്സിക്കെതിരെ ബെംഗളൂരുവിൽ നടന്ന മത്സരത്തിനു ശേഷവും ആരാധകരോട് വിൻഗാദ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com